പൊന്നാനി: മലപ്പുറം, തൃശൂര്‍ ജില്ലകളിലെ രണ്ട് നഗരസഭകളിലേയും പതിമൂന്ന് പഞ്ചായത്തുകളിലേയും കോൾ നിലങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജനം.
രണ്ടാഴ്‌ച മുൻപ് ആരംഭിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തികളുടെ ഔദ്യോഗിക ഉൽഘാടന ചടങ്ങ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ ഇന്നലെ ഓണ്‍ലൈനായി നിര്‍വഹിച്ചു. 35.80 കോടി രൂപയുടെ നബാര്‍ഡ് ഫണ്ട് വകയിരുത്തിയാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം ലഭ്യമാക്കാനും താഴ്ന്ന പ്രദേശങ്ങളില്‍ പുഞ്ച കൃഷിക്കായി വെള്ളം ശേഖരിക്കാനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും സാധിക്കുന്ന പദ്ധതിയാണിത്.
ബിയ്യം പാര്‍ക്കില്‍ നടന്ന നിര്‍മാണ പ്രവർത്തികളുടെ ഔദ്യോഗിക ഉൽഘാടന ചടങ്ങിൽ പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഞ്ച് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമാണ് ഇതെന്നും കൃത്യമായ പ്രവര്‍ത്തനത്തിന്റെയും ഇച്‌ഛാശക്‌തിയുടെയും സഫലീകരണമാണ് ഇത്തരത്തിലുള്ള വികസന പദ്ധതികളെന്നും അധ്യക്ഷ പ്രസംഗത്തില്‍ നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ അജ്‌മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എസി മൊയ്‌തീൻ എംഎല്‍എ മുഖ്യാതിഥിയായി. കോഴിക്കോട് ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി ഷാജിയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
പദ്ധതി പൂർത്തീകരിക്കുന്നതോടെ, മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭ, ഗ്രാമപഞ്ചായത്തുകളായ എടപ്പാള്‍, മാറഞ്ചേരി, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, തവനൂര്‍, വെളിയങ്കോട്, ആലംകോട് കൂടാതെ തൃശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭ, പോര്‍ക്കുളം, കാട്ടകാമ്പാല്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, കടവല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍വരെ ഉള്‍പ്പെടുന്ന 3500 ഹെക്‌ടറിലധികം വരുന്ന പാടശേഖരത്തിലെ നെല്‍കൃഷിക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുക.

ഏപ്രില്‍,മെയ് മാസങ്ങളില്‍ കായലിലും അനുബന്ധ തോടുകളിലും വെള്ളം സംഭരിച്ചു പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും പദ്ധതി പൂർതീകരണത്തോടെ സാധിക്കും. ബിയ്യം റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ നിലവിലുള്ള കേടുപാടുകള്‍ തീർക്കാനും തുരുമ്പെടുത്ത ചിലഭാഗങ്ങൾ സ്‌റ്റെയിന്‍ലെസ് സ്‌റ്റീലാക്കി മാറ്റുന്നതിനും മൂന്നു കോടിരൂപയും പദ്ധതിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പെരുമ്പടപ്പ് ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു, പൊന്നാനി നഗരസഭ ചെയര്‍പേഴ്‌സൺ ശിവദാസ് ആറ്റുപുറം, പൊന്നാനി ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്‌ണൻ, കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സൺ സീതാ രവീന്ദ്രന്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സൺ ഷീജ പ്രശാന്ത്, ചാവക്കാട് ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് നബീസ കുട്ടി, ചൊവ്വന്നൂര്‍ ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, കെസിഡിസി കൺസ്‌ട്രക്ഷന്‍ എന്‍ജിനീയര്‍ എജി ബോബന്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ് ബീന, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
NATIONAL | നയതന്ത്ര ബന്ധം തുടരാൻ ഇന്ത്യയും ചൈനയും








































