കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം പ്രവർത്തിക്കാൻ അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്രം തുറക്കുകയാണെങ്കിൽ സമരം തുടങ്ങുമെന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 163 വകുപ്പ് പ്രകാരമാണ് ഫ്രഷ് കട്ട് പ്ളാന്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജങ്ഷനിൽ നൂറുമീറ്ററിനുള്ളിലുമാണ് കലക്ടർ സ്നേഹിൽ കുമാർ സിങ് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം, പ്ളാന്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടും ഇന്ന് തുറന്നിരുന്നില്ല. ഉപാധികളോടെ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നു. എന്നാൽ, പോലീസ് സുരക്ഷ ഉറപ്പുവരുത്തിയാലേ തുറക്കൂ എന്നാണ് കമ്പനി ഉടമകൾ പറയുന്നത്. അതിനിടെ, ഫാക്ടറി തുറക്കുകയാണെങ്കിൽ വീണ്ടും സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.
ഫാക്ടറി അടച്ചു പൂട്ടുംവരെ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കാനാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മലിനീകര നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് തുറക്കാനുള്ള അനുമതി കഴിഞ്ഞദിവസം നടത്തിയിരുന്നത്.
പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണിൽ നിന്നും 20 ടണ്ണായി കുറയ്ക്കാൻ പ്ളാന്റ് ഉടമകൾക്ക് നിർദ്ദേശം നൽകി. വൈകീട്ട് ആറുമുതൽ 12 വരെ പ്ളാന്റ് പ്രവർത്തിപ്പിക്കാൻ പാടില്ല, പഴകിയ അറവുമാലിന്യം പ്ളാന്റിൽ കൊണ്ടുവരരുത് തുടങ്ങിയവയാണ് ഉപാധികൾ. നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
ഈമാസം 21ന് ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ 321 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ളോക്ക് പ്രസിഡണ്ടും പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാംപ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































