തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു.
ഇന്നലെ ഈഞ്ചിക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്‌തതിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. സുധീഷിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. കേസിൽ മൂന്നാമത്തെ അറസ്‌റ്റാണിത്.
2019ൽ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോർട് തയ്യാറാക്കിയപ്പോൾ സുധീഷ് കുമാർ ആയിരുന്നു എക്‌സിക്യൂട്ടീവ് ഓഫീസർ. കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് സുധീഷ് കുമാറിനെ ചോദ്യം ചെയ്‌തത്.
അന്ന് അഡ്‌മിനിട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു, ഉന്നത ഉദ്യോഗസ്‌ഥർ പറഞ്ഞതനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ഫയൽ തിരുത്താൻ ദേവസ്വം ബോർഡ് ഉൾപ്പടെ അഞ്ചുപേർക്ക് അധികാരം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. സ്വർണം കവരാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് അവസരമൊരുക്കിയതിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് എസ്ഐടി.
വർഷങ്ങളോളം ശബരിമലയിൽ ഉൾപ്പടെ ജോലി ചെയ്‌തിട്ടുള്ള സുധീഷിന് 1998ൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശിയ വിവരം അറിയാമായിരുന്നെന്നും എന്നിട്ടും ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് തിരുത്താതിരുന്നത് ദുരൂഹമാണെന്നുമാണ് വിലയിരുത്തൽ. അതേസമയം, ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം








































