ഖാർത്തൂം: സുഡാനിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് കൂട്ടക്കൊലകൾ റിപ്പോർട് ചെയ്യുന്നുണ്ട്. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം ഘട്ടമായി നടത്തിയ ആസൂത്രിത ആക്രമണമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. 460 പേരാണ് നഗരത്തിലെ സൗദി ഹോസ്‌പിറ്റലിൽ കൂട്ടക്കൊലയ്‌ക്ക് ഇരയായത്.
18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട് ഫോഴ്‌സസ് (ആർഎസ്എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം നടത്തുകയായിരുന്നു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനുമിരയായി. ആശുപത്രിയിലെത്തിയവർ ആദ്യം ഡോക്‌ടർമാരെയും നഴ്‌സുമാരെയും തട്ടിക്കൊണ്ടുപോയി.
പിന്നീട് മടങ്ങിയെത്തി മറ്റു ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെടിവെച്ചു കൊന്നു. മൂന്നാം തവണയും വന്ന് ബാക്കിയുള്ളവരെ കൂടി കൊലപ്പെടുത്തി. സുഡാൻ തലസ്‌ഥാനമായ ഖാർത്തൂമിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള എൽ ഫാഷർ ഭാഗികമായി മരുഭൂമിയാണ്. യുഎൻ കണക്കനുസരിച്ച് ആഭ്യന്തര യുദ്ധത്തിൽ 40,0000ത്തിന് മുകളിലാണ് മരണസംഖ്യ.
സുഡാൻ സൈന്യവും വിമത സേനയായ ആർഎസ്എഫുമായാണ് ഏറ്റുമുട്ടൽ. ഒരുവർഷമായി ഏറ്റുമുട്ടൽ തുടരുകയാണെങ്കിലും അൽ ഷാഫിർ നഗരം ദിവസങ്ങൾക്ക് മുൻപ് വിമതർ പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളെയും, തങ്ങളെ എതിർക്കുന്നവരെയുമാണ് ആർഎസ്എഫ് അതിക്രൂരമായി കൊല ചെയ്യുന്നത്.
2019ൽ സുഡാന്റെ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയത് മുതലാണ് ഇരു സേനകളും തമ്മിൽ വടംവലി തുടങ്ങിയത്. രാജ്യത്ത് 90 ശതമാനവും സുഡാനി അറബ് വംശജരാണ്. അഞ്ചുശതമാനം ക്രിസ്‌ത്യാനികളും അത്രതന്നെ പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ്. അതേസമയം, കൂട്ടക്കൊല തുടരുകയാണെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ വലിയ ഇടപെടലുകൾ സുഡാനിൽ ഉണ്ടായിട്ടില്ല.
Most Read| ജസ്‌റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്‌റ്റിസ്; നിയമിച്ച് രാഷ്‌ട്രപതി








































