നവിമുംബൈ: ഏകദിനത്തിലെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്‌ത്തിയാണ് ഇന്ത്യ ലോക ചാംപ്യൻമാരായത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി.
2025, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യക്ക്, മൂന്നാം ശ്രമത്തിലാണ് സ്വപ്‌ന സാഫല്യം. ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യ കന്നി ലോകകപ്പ് ഉയർത്തിയപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണിൽ ഈറനണിഞ്ഞു.
രണ്ട് ഓൾറൗണ്ടർമാരാണ് കലാശപ്പോരിൽ ഇന്ത്യയുടെ നെടുംതൂണായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങി ദീപ്‌തി ശർമയും ഷെഫാലി വർമയും. അർധസെഞ്ചറി നേടിയ ഇരുവരും ബോളിങ്ങിൽ യഥാക്രമം അഞ്ചും രണ്ടും വിക്കറ്റ് വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ, ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ലഭിച്ചത്.
ഒന്നാം വിക്കറ്റിൽ ലോറയും ടാസ്‌മിൻ ബ്രിട്ട്സും ചേർന്ന് 51 റൺസെടുത്തു. ടാസ്‌മിനെ റണ്ണൗട്ടാക്കി അമൻജോത് കൗർ തന്നെയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ഒരറ്റത്ത് ലോറ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യ പിടിമുറുക്കി. തന്റെ അടുത്തടുത്ത ഓവറുകളിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഷെഫാലി നൽകിയ ഇംപാക്‌ട് ഇന്ത്യൻ വിജയത്തിന് നിർണായകമായി.
30ആം ഓവറിൽ സിനാലോ ജാഫ്‌തയെ (16) പുറത്താക്കിയാണ് ദീപ്‌തി വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് പത്ത് ഓവറോളം വിക്കറ്റ് പോകാതെ ദക്ഷിണാഫ്രിക്ക പൊരുതി. 40ആം ഓവറിൽ ആനെറി ഡെർക്‌സെനിയെ (35) വീഴ്ത്തി വീണ്ടും ദീപ്‌തി കളി ഇന്ത്യക്ക് അനുകൂലമാക്കി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ലോറ വോൾവാർട്ടിനെ 42ആം ഓവറിൽ ദീപ്‌തിയുടെ പന്തിൽ അമൻജോത് കൗറാണ് കയ്യിലൊതുക്കിയത്.
പലതവണ കയ്യിൽ നിന്ന് തെന്നിമാറിയ പന്ത് ഒടുവിൽ അമൻജോത് പിടിയിലാക്കുകയായിരുന്നു. ഇന്ത്യയുടെ വിന്നിങ് മൊമന്റ് ആയിരുന്നു അത്. സെമി ഫൈനലിലും സെഞ്ചറിയടിച്ച ലോറയുടെ തുടർച്ചയായ രണ്ടാം സെഞ്ചറിയായിരുന്നു ഇന്നത്തേത്. ലോറ ഔട്ടായതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. 45ആം ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കയുടെ ഒമ്പതാം വിക്കറ്റും വീണു.
ജയത്തിലേക്ക് പിന്നെ ഒരു വിക്കറ്റിന്റെ മാത്രം അകലം. 46ആം ഓവറിന്റെ മൂന്നാം പന്തിൽ ദീപ്‌തി തന്നെ ആ കർത്തവ്യം നിർവഹിച്ചു. നോൻകുലുലോകോ മ്‌ളാബയെ നദീൻ ഡി ക്ളെർക്കിനെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൈകളിൽ എത്തിച്ചപ്പോൾ ഇന്ത്യ കയ്യിലൊതുക്കിയത് ലോകകിരീടം കൂടിയാണ്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!






































