ആഫ്രിക്കൻ പന്നിപ്പനി; കോടഞ്ചേരിയിൽ ജാഗ്രത, മാംസ വിൽപ്പന ശാലകൾ അടച്ചിടും

കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഈ രോഗം സ്‌ഥിരീകരിക്കുന്നത്.

By Senior Reporter, Malabar News
Swine Fever
Rep. Image
Ajwa Travels

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മുണ്ടൂരിലാണ് രോഗം കണ്ടെത്തിയത്. സ്വകാര്യ ഉടമസ്‌ഥതയിലുള്ള ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഈ രോഗം സ്‌ഥിരീകരിക്കുന്നത്.

ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിരുന്നു. പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് ലഭിച്ചത്.

ഈ രോഗം കാട്ടുപന്നികൾ, വളർത്തു പന്നികൾ എന്നിവയിൽ അതിവേഗം പടരുമെങ്കിലും മനുഷ്യരിൽ ബാധിക്കാറില്ല. രോഗം ബാധിച്ചാൽ പന്നികൾ നൂറുശതമാനം വരെ മരണനിരക്കാണുള്ളത്. രോഗം ബാധിച്ച പന്നിയുടെ രക്‌തം, മാംസം, അവശിഷ്‌ടങ്ങൾ, രോഗം ബാധിച്ച പന്നികളുമായി നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ മറ്റു പന്നികളിലേക്ക് രോഗം വ്യാപിക്കാം.

പഞ്ചായത്തിൽ പന്നിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കാൻ തീരുമാനിച്ചു. രോഗബാധ ഉണ്ടായ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കാനും രോഗബാധയുണ്ടായ പന്നി ഫാം അണുവിമുക്‌തമാക്കാനും തീരുമാനിച്ചു.

ഇതുകൂടാതെ, ഫാമിന് ഒരുകിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിൽപ്പന നടത്തുന്ന സ്‌ഥാപനങ്ങൾ അടച്ചിടേണ്ടതാണെന്നും നിശ്‌ചിത കാലയളവിലേക്ക് ഈ ഒരു കിലോമീറ്റർ ചുറ്റളവിലേക്ക് പന്നികളെയോ പന്നിമാംസമോ കൊണ്ടുവരാൻ പാടില്ലായെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കിലോമീറ്റർ ഒമ്പത് കിലോമീറ്റർ ചുറ്റളവ് സ്‌ഥലം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.

നിരീക്ഷണ മേഖലയിൽ പന്നിമാംസം വിൽപ്പന അനുവദിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണ മേഖലയിൽ നിന്ന് പുറത്തേക്ക് പന്നികളെയോ പന്നി മാംസമോ കൊണ്ടുപോകാൻ പാടുള്ളതല്ല. കാട്ടുപന്നികളുമായി സമ്പർക്കം വരാൻ സാധ്യതയുള്ള സ്വകാര്യ പന്നി ഫാമുകൾ ഫെൻസിങ് നടത്താനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. ജില്ലയിൽ രോഗം ആദ്യമായി സ്‌ഥിരീകരിച്ചതിനാൽ മൃഗസംരക്ഷണ വകുപ്പും കോടഞ്ചേരി പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Most Read| സർക്കാർ ഷട്ട്ഡൗൺ; യുഎസിൽ വിമാന സർവീസുകൾ റദ്ദാക്കുന്നു, വലഞ്ഞ് യാത്രക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE