കൊച്ചി: എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് സബ്സിഡി ലഭിക്കുന്ന ഉപയോക്താക്കൾ മാർച്ച് 31ന് മുമ്പായി ഇ- കെവൈസി അപ്ഡേഷൻ പൂർത്തിയാക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ട (പിഎംയുവൈ) ഉപയോക്താക്കൾക്കാണ് നിബന്ധന ബാധകം.
ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം പൊതുമേഖലാ എണ്ണകമ്പനികൾ നൽകിയ അറിയിപ്പ്. നേരത്തെ, ബയോമെട്രിക് അപ്ഡേഷൻ പൂർത്തിയാക്കിയവരും ഓരോ സാമ്പത്തിക വർഷത്തിലും ഒരുതവണ ബയോമെട്രിക് അപ്ഡേഷൻ നടത്തണം.
മാർച്ച് 31ന് മുൻപ് ബയോമെട്രിക് വിവരങ്ങൾ നൽകിയില്ലെങ്കിൽ സാമ്പത്തിക വർഷത്തിലെ 8, 9 റീഫില്ലുകളുടെ സബ്സിഡി നിർത്തിവയ്ക്കും. പിന്നീട് സബ്സിഡി പൂർണമായും റദ്ദാക്കും. പിഎംയുവൈ ഉപയോക്താക്കൾ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് ഒമ്പത് റീഫില്ലുകൾക്കാണ് സബ്സിഡി. സിലിണ്ടറിന് 300 രൂപയാൻസ് സബ്സിഡി തുക.
എന്നാൽ, ഇതിന്റെ പേരിൽ സിലിണ്ടർ വിതരണവും ബുക്കിങ്ങും തടസപ്പെടില്ലെന്നും കമ്പനികൾ അറിയിച്ചു. അതേസമയം, പിഎംയുവൈ പദ്ധതിയിൽ ഉൾപ്പെടാത്ത ഭൂരിഭാഗം വരുന്ന ഉപയോക്താക്കളും ബയോമെട്രിക് അപ്ഡേഷൻ നിർബന്ധമായും ചെയ്യണോ, എന്നുവരെ ചെയ്യാം എന്നത് സംബന്ധിച്ച് കൃത്യമായ അറിയിപ്പ് കമ്പനികളുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ല.
സബ്സിഡി യഥാർഥ ഉടമകൾക്ക് തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനാണ് അപ്ഡേഷൻ എന്നാണ് കമ്പനികൾ പറയുന്നത്. കമ്പനികളുടെ ആപ് വഴി ഓൺലൈനായും വിതരണ ഏജൻസികൾ വഴിയും അപ്ഡേഷൻ നടത്താം. സിലിണ്ടർ വിതരണത്തിനായി ഏജൻസി ജീവനക്കാർ വീട്ടിലെത്തുമ്പോഴും അപ്ഡേഷൻ നടത്താവുന്നതാണ്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്





































