തിരുവനന്തപുരം: മെട്രോ റെയിൽ പദ്ധതി ഉടൻ യാഥാർഥ്യമാക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ലോക്നാഥ് ബെഹ്റ. മെട്രോയുടെ നിർമാണം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസം. 8000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും ഡെൽഹിയിൽ യോഗത്തിൽ പങ്കെടുക്കവെ ബെഹ്റ പറഞ്ഞു.
അലൈൻമെന്റ് മാറ്റമുള്ളതുകൊണ്ട് മുൻപ് തയ്യാറാക്കിയ ഡിപിആറിൽ കുറച്ച് മാറ്റങ്ങൾ ആവശ്യമാണ്. അക്കാര്യം ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളിൽ അവർ ഡിപിആർ തയ്യാറാക്കി നൽകും. തുടർന്ന് ഡിപിആർ മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കും. അതിന് ശേഷം കേന്ദ്രാനുമതി വേണം.
കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷം മാത്രമേ നിർമാണം ആരംഭിക്കാൻ കഴിയൂ. ആറുമാസംകൊണ്ട് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങൾ വിലയിരുത്തുമെന്നും ബെഹ്റ വ്യക്തമാക്കി.
കൊച്ചി മെട്രോ മാതൃകയിൽ തന്നെ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. 8000 കോടിയിൽ 20% സംസ്ഥാന സർക്കാരും 20% കേന്ദ്ര സർക്കാരും വഹിക്കും. ബാക്കി 60% വായ്പ എടുക്കും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ രണ്ടര വർഷത്തിനുള്ളിൽ പദ്ധതി നിർമാണം പൂർത്തിയാക്കാൻ കഴിയും. 2029ന് മുൻപ് അതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഹ്റ പറഞ്ഞു.
ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും വികസിപ്പിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം വരെയും വെള്ളായണി വരെയും കൊണ്ടുപോകാം. നല്ല രീതിയിൽ യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിൽ 25 സ്റ്റേഷനിൽ 16 ഇടത്ത് മാത്രമേ പാർക്കിങ് സൗകര്യമുള്ളൂ. എന്നാൽ, തിരുവനന്തപുരത്ത് എല്ലാ സ്റ്റേഷനിലും പാർക്കിങ് ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും ബെഹ്റ പറഞ്ഞു.
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് ഇന്നലെയാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയത്. ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൈർഘ്യമായിരിക്കും മെട്രോ പാതയ്ക്ക് ഉണ്ടായിരിക്കുക. പാപ്പനംകോട് നിന്ന് ഈഞ്ചക്കൽ വരെ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
ടെക്നോപാർക്കിൽ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ് എന്നിവ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈൻമെന്റിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകിയത്.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും. 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































