തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഉച്ചയ്‌ക്ക് 12 മണിക്ക് വാർത്താ സമ്മേളനം നടത്തി തീയതി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാഷ്‌ട്രീയ പാർട്ടികൾ സീറ്റ് വിഭജന ചർച്ചകളും സ്‌ഥാനാർഥി പ്രഖ്യാപനങ്ങളും ഊർജിതമാക്കി.
അതിനിടെ, കൊല്ലം കോർപറേഷനിൽ ഒമ്പത് സ്‌ഥാനാർഥികളെ കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിൽ പ്രധാന പാർട്ടികളൊന്നും സ്‌ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ യുഡിഎഫിന് ഭരണമുള്ള ഏക കോർപറേഷനായ കണ്ണൂരിൽ കോൺഗ്രസും മുസ്‌ലിം ലീഗുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല. ഇന്നും ചർച്ചയുണ്ട്.
സംസ്‌ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം ആകെയുള്ള ആറ് കോർപറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം കോർപറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്.
നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ള 87 എണ്ണമാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളാണ്. യുഡിഎഫ് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തും ബിജെപി ഭരണമാണ്. 14 ജില്ലാ പഞ്ചായത്തുക്കളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.
സംസ്‌ഥാനത്ത് ആകെയുള്ള 152 ബ്ളോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരിക്കുന്നത് 133 ഇടത്താണ്. 38 ബ്ളോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണമാണ്. ആകെയുള്ളത് 941 ഗ്രാമപഞ്ചായത്തുകളാണ്. അതിൽ 571ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ 12 പഞ്ചായത്തും ഭരിക്കുന്നുണ്ട്. മറ്റുള്ളവർ ഏഴ് പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































