വാഷിങ്ടൻ: തന്റെ കടുത്ത താരിഫ് നയങ്ങൾ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിന്റെ എതിരാളികളെ വിഡ്ഢികൾ എന്നും വിശേഷിപ്പിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമസാധുതയെ കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് നയത്തെ ന്യായീകരിച്ചുള്ള ട്രംപിന്റെ പരാമർശങ്ങൾ.
”താരിഫുകളെ എതിർക്കുന്നവർ വിഡ്ഢികളാണ്. നമ്മളിപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഏതാണ്ടില്ല. ഓഹരി വിപണി റെക്കോർഡ് വിലയിലുമാണ്. നമ്മൾ ട്രില്യൺ കണക്കിന് ഡോളറുകൾ നേടുന്നുണ്ട്.
താമസിയാതെ നമ്മുടെ 37 ട്രില്യൺ ഡോളറിന്റെ ഭീമമായ കടം വീട്ടാനും തുടങ്ങും. യുഎസ്എയിൽ റെക്കോർഡ് നിക്ഷേപമാണ് നടക്കുന്നത്. എല്ലായിടത്തും പ്ളാന്റുകളും ഫാക്ടറികളും ഉയർന്നുവരുന്നു. എല്ലാവർക്കും കുറഞ്ഞത് 2000 ഡോളർ (1.77 ലക്ഷം രൂപ) വീതം ലാഭവിഹിതം നൽകും”- ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ളാറ്റ്ഫോമിൽ കുറിച്ചു.
ദേശീയ അടിയന്തിരാവസ്ഥകളിൽ മാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള 1977ലെ നിയമപ്രകാരം താരിഫുകൾ ഏർപ്പെടുത്തിയതിലൂടെ പ്രസിഡണ്ട്, കോൺഗ്രസിന്റെ അധികാരത്തിൽ കടന്നുകയറിയോ എന്ന് കഴിഞ്ഞയാഴ്ച യുഎസ് സുപ്രീം കോടതി സംശയം ഉന്നയിച്ചിരുന്നു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































