തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാൻ നീട്ടിക്കൊണ്ട് പോകുന്നതിൽ സിപിഐക്ക് അതൃപ്‌തി. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടറിയേറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഇക്കാര്യം ഉയർന്നു. ബോധപൂർവം കത്ത് വൈകിപ്പിക്കുകയാണോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്.
കത്തയച്ച മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ട് രണ്ടാഴ്‌ച പിന്നിടുകയാണ്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാനുള്ള തീരുമാനം സിപിഐ എടുത്തിട്ടില്ല. മന്ത്രിസഭാ യോഗത്തിന് തൊട്ടുമുമ്പായി സിപിഐ നേതൃത്വവും മന്ത്രിമാരും തമ്മിൽ ആശയവിനിമയം നടത്താറുണ്ട്. ആ ഘട്ടത്തിൽ നിർദ്ദേശിച്ചാൽ അക്കാര്യം മന്ത്രിമാർ ഉന്നയിക്കും.
അതുണ്ടാകാനുള്ള സാധ്യത കുറവാണെന്നും സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ആലോചിക്കുന്നതെന്നുമാണ് നേതാക്കൾ പറഞ്ഞത്. സിപിഐയുടെ ആവശ്യപ്രകാരം പദ്ധതിയുടെ നടത്തിപ്പ് നിർത്തിവയ്‌ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ മന്ത്രി വി. ശിവൻകുട്ടി കാണുകയും ചെയ്‌തിരുന്നു.
ധാരണാപത്രം ഒപ്പുവെച്ച് ഏഴാം നാളാണ് സിപിഐയുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ പദ്ധതിയിൽ നിന്ന് പിൻവാങ്ങിയത്. പിന്നാലെ, വിഷയം പരിശോധിച്ച് റിപ്പോർട് ലഭ്യമാക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ സമിതിയിൽ കെ.രാജൻ, റോഷി അഗസ്‌റ്റിൻ, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്‌ണൻകുട്ടി, എകെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.
Most Read| മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും; ഇന്ത്യയുടെ ആദ്യ പാരഷൂട്ട് പരീക്ഷണം വിജയം








































