തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണിത്. സർക്കാർ ഉദ്യോഗസ്‌ഥരായ ദേവസ്വം ബോർഡ് ജീവനക്കാരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് റാന്നിയിൽ നിന്നും കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും.
അതിനിടെ, ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിന് എസ്ഐടി ചോദ്യം ചെയ്യലിനായി വീണ്ടും നോട്ടീസ് നൽകി. ഇത് രണ്ടാം തവണയാണ് പത്‌മകുമാറിന് നോട്ടീസ് നൽകുന്നത്. രണ്ടാഴ്‌ച മുൻപ് നൽകിയ നോട്ടീസിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇത്തവണയും ഹാജരാകാൻ കഴിയില്ലെന്ന് പത്‌മകുമാർ അറിയിച്ചേക്കുമെന്നാണ് സൂചന.
ബന്ധുവിന്റെ മരണാനന്തര ചടങ്ങ് ചൂണ്ടിക്കാട്ടി മറ്റൊരു ദിവസത്തേക്ക് പത്‌മകുമാർ സാവകാശം തേടിയതായാണ് വിവരം. കേസിലെ മൂന്നാംപ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ കഴിഞ്ഞദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി വാസുവിനെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.
ശബരിമലയിൽ സ്വർണക്കൊള്ള നടന്ന 2019ൽ എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. പിന്നീട് എ. പത്‌മകുമാറിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡണ്ടായി. ശബരിമലയിലെ സ്വർണപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ സമയത്ത് പ്രസിഡണ്ട് ആയിരുന്നത് പത്‌മകുമാർ ആണ്. കമ്മീഷണർ ആയിരുന്ന വാസു മുന്നോട്ടുവെച്ച ഉത്തരവുകൾ പത്‌മകുമാർ അംഗീകരിച്ചതായി അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ്, വാസുവിന് പിന്നാലെ പത്‌മകുമാറിലേക്കും എസ്ഐടി തിരിഞ്ഞിരിക്കുന്നത്. വാസുവിനെ അറസ്‌റ്റ് ചെയ്യാനിടയായ സാഹചര്യം പത്‌മകുമാറിന്റെ കാര്യത്തിലും നിലനിൽക്കുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
Most Read| മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും; ഇന്ത്യയുടെ ആദ്യ പാരഷൂട്ട് പരീക്ഷണം വിജയം








































