വാഷിങ്ടൻ: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിച്ചുകൊണ്ടുള്ള ബിൽ യുഎസ് കോൺഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറൽ സർക്കാരിന്റെ സുപ്രധാന സേവനങ്ങൾ പുനഃസ്‌ഥാപിക്കാൻ വഴി തുറന്നത്.
അന്തിമ വോട്ടെടുപ്പിൽ 222-209 എന്നായിരുന്നു വോട്ട് നില. ഏതാണ്ട് എല്ലാ റിപ്പബ്ളിക്കൻമാരും ഒരുപക്ഷം ഡെമോക്രാറ്റുകളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്‌തു. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചതോടെ ഖജനാവ് ഔദ്യോഗികമായി തുറന്നെങ്കിലും സാധാരണ നിലയിലാകാൻ സമയമെടുത്തേക്കും.
ധനവിനിയോഗ ബിൽ പാസാകാത്തതിനെ തുടർന്ന് യുഎസിലെ വിമാന സർവീസുകളടക്കം തകിടം മറിഞ്ഞിരുന്നു. 43 ദിവസം ഖജനാവ് പൂട്ടിയതോടെ സർക്കാർ ഓഫീസുകളും ഓരോന്നായി അടച്ചു. ഒക്‌ടോബർ ഒന്നിനാണ് യുഎസിൽ ബജറ്റ് വർഷം തുടങ്ങുന്നത്. സെപ്‌തംബർ 30ഓടെ സർക്കാരിന്റെ ചിലവിനുള്ള 12 ബില്ലുകൾ കോൺഗ്രസ് പാസാക്കണം.
അതുണ്ടായില്ലെങ്കിൽ ബില്ലുകൾ പാസാകും വരെ ഖജനാവ് പൂട്ടും. അതായിരുന്നു സംഭവിച്ചത്. നിർത്തലാക്കിയ ആരോഗ്യപരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ ആയിരുന്നു ഡമോക്രാറ്റുകൾ കടുംപിടിത്തം നടത്തിയിരുന്നത്. ദൈനംദിന ചിലവ് കണ്ടെത്താൻ വഴിയില്ലാത്തതിനാൽ ബജറ്റ് ഏഴരലക്ഷത്തോളം സർക്കാർ ജീവനക്കാർക്ക് താൽക്കാലിക തൊഴിൽ നഷ്‌ടം ഉണ്ടാക്കിയിരിക്കുകയാണ്.
പലരോടും ശമ്പളമില്ലാതെ അവധിയിൽ പോകാൻ നിർദ്ദേശിച്ചു. അവശ്യ സർവീസുകൾ ഒഴികെ എല്ലാ വകുപ്പുകളെയും ഇത് ബാധിച്ചു. ദേശീയോദ്യാനങ്ങളും സന്ദർശക കേന്ദ്രങ്ങളും പാർക്കുകളും പൂട്ടി. പാസ്‌പോർട്ട് അപേക്ഷ, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങി പലതിനുമുള്ള നടപടിക്രമങ്ങൾ ലഭ്യമായിരുന്നില്ല. ഭക്ഷ്യസുരക്ഷാ പരിശോധനകൾ വൈകുന്നത് പൊതുജനാരോഗ്യത്തെയും ബാധിച്ചിരുന്നു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































