കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ ഹരജിയിൽ പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്ഐആറിന് അടിയന്തിര പ്രാധാന്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. ഹരജി ജസ്റ്റിസ് വി.ജി. അരുൺ പരിഗണിക്കും. അതേസമയം, തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ സഹകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് നൽകും. പാർട്ടിയുടെ ബൂത്ത് ലെവൽ ഏജന്റുമാരെ വോട്ട് ചേർക്കാനും പാർട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം. ഏജന്റുമാർ ഇല്ലാത്തിടത്ത് പത്തുദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം.
അതേസമയം, എസ്ഐആറിന്റെ ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ഈമാസം 25നുള്ളിൽ പൂർത്തിയാക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഡിസംബർ നാലിനകം ആദ്യഘട്ടം പൂർത്തീകരിക്കണം. നവംബർ 25ന് മുന്നേ തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് കേരളത്തെ സംബന്ധിച്ചിടത്തോളം തടസങ്ങൾ ഒന്നുമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
Most Read| യുഎസിലെ നീണ്ട അടച്ചുപൂട്ടൽ അവസാനിച്ചു; ബില്ലിൽ ഒപ്പുവെച്ച് ട്രംപ്, ഖജനാവ് തുറന്നു








































