ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്‌തിപ്പെടുത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനത അവരുടെ ശക്‌തി പൂർണമായും കാണിച്ചു. കഠിനാധ്വാനം ചെയ്‌താണ് ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കൈവരുകയും ചെയ്‌തത്. അതുകൊണ്ടാണ് ഒരിക്കൽക്കൂടി ബിഹാർ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു.
ന്യൂഡെൽഹിയിലെ പാർട്ടി ആസ്‌ഥാനത്ത് ബിജെപി പ്രവർത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ബിഹാർ തിരഞ്ഞെടുപ്പ് ഒരു കാര്യം കൂടി തെളിയിച്ചിരിക്കുന്നു. ഇപ്പോൾ രാജ്യത്തെ വോട്ടർമാർ, വിശിഷ്യാ യുവ വോട്ടർമാർ, വോട്ടർ പട്ടികയുടെ ശുദ്ധീകരണത്തെ വളരെ ഗൗരവത്തോടെ കാണുന്നവരാണ്.
ബിഹാറിലെ യുവജനങ്ങളും വോട്ടർ പട്ടികയുടെ ശുദ്ധീകരണത്തെ വലിയതോതിൽ പിന്തുണച്ചു. ജനാധിപത്യത്തിന്റെ പവിത്രതയ്‌ക്ക് ഓരോ വോട്ടറും പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു”.- മോദി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെയും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെയും വിജയമാണെന്നും മോദി പറഞ്ഞു. ചിലർ തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യംവെച്ചു. എന്നാൽ, ഉയർന്ന പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ക്രിയാൽമകമായ ഒരു നിലപാടില്ലെന്നും മോദി കുറ്റപ്പെടുത്തി.
കള്ളൻമാരുടെ സർക്കാർ ഒരിക്കലും ബിഹാറിലേക്ക് മടങ്ങിവരില്ലെന്നും കോൺഗ്രസിനെ ഉദ്ദേശിച്ചുകൊണ്ട് മോദി പറഞ്ഞു. ജംഗിൾ രാജ് എന്ന തന്റെ പരാമർശത്തിൽ ആർജെഡിയെക്കാൾ വേദനിച്ചത് കോൺഗ്രസിനാണ്. ആർജെഡി അതിൽ ഒരു എതിർപ്പും ഉന്നയിച്ചില്ല. ഛഠ് പൂജ ആഘോഷങ്ങളുടെ പേരിൽ ബിഹാറിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മഹത്തായ ഭൂതകാലത്തെയും പ്രതിപക്ഷം അനാദരിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read| തദ്ദേശ തിരഞ്ഞെടുപ്പ്; അർധവാർഷിക പരീക്ഷാ തീയതിയിൽ മാറ്റം, അവധിയും മാറും







































