ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്‌ഐആർ) നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്‌ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.
എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്‌തംഭിക്കുമെന്നാണ് ഹരജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടുന്നു. എസ്‌ഐആർ നടപടികൾ ഡിസംബർ 21 വരെ നിർത്തിവെക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
എസ്‌ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഹരജി ഫയൽ ചെയ്‌തിട്ടുണ്ട്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, എസ്‌ഐആർ വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡെൽഹിയിൽ ചേരും.
രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പടെ ഒമ്പത് സംസ്‌ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്. പിസിസി അധ്യക്ഷൻമാർ, നിയമസഭാ കക്ഷി നേതാക്കൾ, സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































