കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 21 മാസമായി അബോധാവസ്‌ഥയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്‌ക്ക് 1.15 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. വടകര എംഎസിടി മോട്ടർ ആക്‌സിഡന്റ്സ് ക്ളെയിംസ് ട്രൈബ്യൂണൽ കോടതി അദാലത്തിലാണ് കേസ് തീർപ്പാക്കി ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവ് നൽകിയത്.
ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസിൽ നിർണായകമായത്. കണ്ണൂർ മേലേചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്‌മിതയുടെയും മകളാണ് ദൃഷാന. കേസിൽ ദൃഷാനയ്‌ക്ക് വേണ്ടി കേരള സ്‌റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിലെ അഡ്വ. ഫൗസിയ ഹാജരായി.
2024 ഫെബ്രുവരി 17ന് രാത്രി ഒന്‍പതുമണിക്കുണ്ടായ അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) എന്ന സ്‌ത്രീയാണ് മരിച്ചത്. മകളുടെ മകള്‍ ഒൻപതുവയസുകാരി ദൃഷാനക്ക് സാരമായി പരിക്കേറ്റു. അന്നുമുതല്‍ അബോധാവസ്‌ഥയിലാണ് ദൃഷാന. ഇതിനിടെയാണ് സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
ഹൈക്കോടതി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കേരള സ്‌റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) കീഴിലുള്ള വിക്റ്റിംസ് റൈറ്റ്‌സ് സെന്റർ (വിആർസി) മുഖേന അടിയന്തിര റിപ്പോർട് തേടിയതോടെയാണ് ദൃഷാനയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാൻ വഴി തെളിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായ കുട്ടിയുടെ അവസ്‌ഥ നേരിട്ട് കണ്ട വിആർസി അംഗങ്ങൾ ഹൈക്കോടതിക്ക് റിപ്പോർട് നൽകുകയായിരുന്നു.
സംഭവത്തിൽ പ്രത്യേക അന്വേഷണ രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് അപകടമുണ്ടായി പത്തുമാസത്തിന് ശേഷം കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടിച്ചിട്ട കാർ കണ്ടെത്തുകയും വിദേശത്തേക്ക് പോയ പ്രതി പുറമേരി മീത്തലെ പുനത്തിൽ ഷൈജിലിനെ നാട്ടിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തത്.
Most Read| കോളേജ് അധ്യാപക നിയമനം; യോഗ്യത ഇല്ലാത്തവരെ നിയമിക്കരുത്- ഗവർണർ








































