ന്യൂഡെൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്‌ചയിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഈ ആവശ്യം ഭരണഘടനാ ബെഞ്ച് തള്ളി. ഇത് സംബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു നൽകിയ പ്രസിഡൻഷ്യൽ റഫറൻസിലാണ് സുപ്രീം കോടതി മറുപടി നൽകിയത്.
ബില്ലുകൾ അനിശ്‌ചിത കാലത്തേക്ക് തടഞ്ഞുവയ്‌ക്കാൻ അധികാരമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി, ഗവർണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്‌തിരഹിതമല്ലെന്നും നിരീക്ഷിച്ചു. ഗവർണർക്കോ പ്രസിഡണ്ടിനോ സമയപരിധികൾ നിർദ്ദേശിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്‌റ്റിസ് ബിആർ ഗവായ് അഞ്ചംഗ ബെഞ്ചാണ് വിഷയത്തിൽ വിശദമായ വാദം കേട്ട ശേഷം മറുപടി നൽകിയത്. ബില്ലുകൾ പിടിച്ചുവയ്‌ക്കുന്നത് അഭിലഷണീയമല്ലെന്നും ബില്ല് നിയമം ആയാൽ മാത്രമേ കോടതിക്ക് ഇടപെടാൻ സാധിക്കുകയുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു. സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ നടപടികളെ ഭരണഘടനാ ബെഞ്ച് പൂർണമായും തള്ളുകയും ചെയ്‌തു.
ഗവർണർക്ക് മുന്നിൽ മൂന്ന് വഴികൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒപ്പുവയ്‌ക്കുക, രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കുക, ഒപ്പിടാതെ മാറ്റിവെച്ച് പിന്നീട് നിയമസഭയ്‌ക്ക് തിരിച്ചയക്കുക എന്നാണ് വഴികളെന്നും അല്ലാതെ അനിശ്‌ചിത കാലത്തേക്ക് പിടിച്ചുവയ്‌ക്കാനാകില്ലെന്നും കോടതി വ്യക്‌തമാക്കി. നിയമസഭയുമായി ഗവർണർ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































