കൊച്ചി: എറണാകുളം തേവര കോന്തുരുത്തി പള്ളിക്ക് സമീപത്തെ വീട്ടുവളപ്പിൽ സ്‌ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട സ്‌ത്രീ ലൈംഗിക തൊഴിലാളിയാണ്. എറണാകുളം സ്വദേശിനിയാണെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് ജോർജ് സ്‌ത്രീയെ വീട്ടിലെത്തിച്ചത്. വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. പണത്തെചൊല്ലി ഇരുവരും തക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്‌ത്രീയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. വീടിനുള്ളിൽ രക്‌തക്കറ കണ്ടെത്തി. ശരീരം കയറിൽ കെട്ടി റോഡിൽ തള്ളാനായിരുന്നു പദ്ധതി.
എന്നാൽ, മദ്യപിച്ച് അവശനായതിനാൽ ഇതിന് കഴിഞ്ഞില്ല. മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. മൃതദേഹത്തിന് അരികിലിരുന്ന് ജോർജ് ഇറങ്ങിപ്പോവുകയും ചെയ്‌തു. പുലർച്ചെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടൻ പോലീസിലും ജനപ്രതിനിധികളെയും വിവരം അറിയിക്കുകയായിരുന്നു.
മരിച്ച സ്‌ത്രീയെ തിരിച്ചറിയാനായിട്ടില്ല. ജോർജിന്റെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്യുകയാണ്. വെളുപ്പിന് നാലരയോടെ ജോർജ് ചാക്ക് അന്വേഷിച്ച് അയൽവീടുകളിൽ ചെന്നിരുന്നു. നായ ചത്ത് കിടപ്പുണ്ടെന്നും അതിനെ മൂടാനാണ് എന്നുമാണ് പറഞ്ഞത്.
എന്നാൽ ഇവിടെ നിന്ന് ചാക്ക് കിട്ടിയില്ല. തുടർന്ന് സമീപത്തെ ഒരു കടയിലെത്തി അവിടെ നിന്ന് രണ്ട് ചാക്ക് ശേഖരിച്ചു. ഇതാണ് മൃതദേഹം മൂടാനായി ഉപയോഗിച്ചത് എന്നാണ് കരുതുന്നത്. ജോർജ് കുറെ കാലമായി ഇവിടെ താമസിക്കുന്നുണ്ട്. ഭാര്യ അവരുടെ വീട്ടിലാണ്. മക്കൾ സ്‌ഥലത്തില്ല. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!



































