ന്യൂഡെൽഹി: ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ വേണ്ടതെന്നും ദക്ഷിണാഫ്രിക്കയിൽ ജി20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ല. ഭീകരവാദത്തിന്റെ കാര്യത്തിൽ രണ്ട് നിലപാടുകൾ സാധ്യമല്ലെന്നും മോദി പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ കാലാനുസൃതമായിട്ടുള്ള പരിഷ്‌കരണം അനിവാര്യമാണെന്നും മോദി ആവർത്തിച്ചു. യുഎൻ അടക്കമുള്ള ആഗോള സ്‌ഥാപനങ്ങൾ 21ആം നൂറ്റാണ്ടിലെ യാഥാർഥ്യങ്ങളിൽ നിന്നും വളരെ അകലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രസീലുമായും ദക്ഷിണാഫ്രിക്കയുമായും സാങ്കേതികവിദ്യാ കൈമാറ്റത്തിന് സംവിധാനം വേണമെന്നും മോദി നിർദ്ദേശിച്ചു. നിർമിത ബുദ്ധിയുടെ ദുരുപയോഗം തടയാൻ ആഗോളതലത്തിൽ സംവിധാനം വേണമെന്നും ഇതിനായി ഒരു ആഗോള ഉടമ്പടി വേണമെന്നും മോദി ഉച്ചകോടിയിൽ പറഞ്ഞു.
നിർണായക സാങ്കേതിക വിദ്യകൾ മനുഷ്യ കേന്ദ്രീകൃതമാകണം. അല്ലാതെ സാമ്പത്തിക കേന്ദ്രീകൃതമാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യകളുടെ പ്രയോഗം ദേശീയം എന്നതിലുപരി ആഗോളം എന്ന തലത്തിലാക്കണം. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാൻ കൃത്യമായ സംവിധാനങ്ങൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read| തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് കൂട്ടി ഗൾഫ് എയർ






































