മുംബൈ: ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. ദീർഘകാലമായി അസുഖ ബാധിതനായി ചികിൽസയിൽ ആയിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ എട്ടിന് 90ആം ജൻമദിനം ആഘോഷിക്കാനിരിക്കെയാണ് അന്ത്യം.
ശ്വാസതടസത്തെ തുടർന്ന് ഒക്ടോബർ അവസാനം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നടൻ, ആശുപത്രി വിട്ട് 12ആം ദിവസത്തിന് ശേഷമാണ് അന്തരിച്ചത്. ധർമേന്ദ്രയുടെ മരണവിവരം സംവിധായകനും നിർമാതാവുമായ കരൺ ജോഹറും സ്ഥിരീകരിച്ചിട്ടുണ്ട്.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ, മേരാ ഗാവ് മേരാ ദേശ് തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി.
ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പടെ ആറ് മക്കളുണ്ട്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!



































