കൊച്ചി: മുനമ്പം താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി. കേസിൽ അന്തിമവിധി വരുന്നതുവരെ താൽക്കാലിക അടിസ്‌ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദ്ദേശം. നേരത്തെ, മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഉത്തരവിന് പിന്നാലെ ഭൂസംരക്ഷണ സമിതി ഉൾപ്പടെ നൽകിയ ഹരജികൾ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജസ്‌റ്റിസ് സി. ജയചന്ദ്രൻ ഇന്ന് ഇക്കാര്യത്തിൽ ഇടക്കാല നിർദ്ദേശം നൽകിയത്.
മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭൂസംരക്ഷണ സമിതി ഹരജി നൽകിയത്. വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചെന്ന പേരിൽ നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ലെന്നും ഭൂസംരക്ഷണ സമിതി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മുനമ്പത്തേത് വഖഫ് സ്വത്തല്ലെന്നും ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോർഡ് എതിർപ്പ് ഉന്നയിക്കുന്നതിന് ന്യായീകരണമില്ലെന്നും തങ്ങളുടെ സ്‌ഥലത്തിന്റെ നികുതി സ്വീകരിക്കാൻ കലക്‌ടർ, തഹസിൽദാർ എന്നിവർക്ക് നിർദ്ദേശം നൽകി ഉത്തരവിടണമെന്നും ഹരജിയിൽ പറയുന്നു.
പോക്കുവരവ് ചെയ്യാനും സ്‌ഥലം കൈമാറാനും തണ്ടപ്പേരിൽ മാറ്റം വരുത്താനും ഉൾപ്പടെ നിർദ്ദേശം നൽകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് പ്രഖ്യാപിച്ചതിനെ തുടർന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യക്‌തമാക്കി 2023ൽ നൽകിയ ഹരജിയാണിത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































