ന്യൂഡെൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ (എസ്‌ഐആർ) അടിയന്തിര സ്‌റ്റേ ഇല്ല. കേരളത്തിലെ എസ്‌ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
എസ്‌ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്‌തമാണെന്ന് നിരീക്ഷിച്ച കോടതി സംസ്‌ഥാനത്തിന്റെ ഹരജിയിൽ ഇടപെടണോ എന്നത് ഡിസംബർ രണ്ടിന് തീരുമാനിക്കാമെന്നും കേസ് അന്നേദിവസം പരിഗണിക്കാമെന്നും പറഞ്ഞു. എസ്‌ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്നത് നോക്കാമെന്നും കോടതി വ്യക്‌തമാക്കി.
കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഡിസംബർ ഒന്നിനകം തമിഴ്‌നാടിന്റെ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ രാഷ്‌ട്രീയ പാർട്ടികളാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. നടപടികൾ വേഗത്തിൽ നടക്കുകയാണെന്നും ആവശ്യമെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ, കമ്മീഷൻ പറയുന്നതല്ല സാഹചര്യമെന്നായിരുന്നു കേരളത്തിന്റെ എതിർവാദം.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!







































