പാലക്കാട്: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ വഴിത്തിരിവ്. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി കൈമാറിയതോടെ, രാഹുലിന്റെ നില കൂടുതൽ പരുങ്ങലിലായി. വിവാദത്തിൽ അകപ്പെട്ട് പ്രതിച്‌ഛായ നഷ്‌ടപ്പെട്ട് നിൽക്കേയാണ് ഇപ്പോൾ പരാതി കൂടി വരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് കഷ്‌ടിച്ച് രണ്ടാഴ്‌ച മാത്രം ബാക്കിനിൽക്കെ ഇപ്പോൾ പരാതി ലഭിച്ചതോടെ പോലീസ് ഏത് നിമിഷവും രാഹുലിനെ അറസ്‌റ്റ് ചെയ്‌തേക്കും. ഇത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കും. വിവാദം ഉണ്ടായപ്പോൾ തന്നെ രാഹുലിനെ സസ്‌പെൻഡ് ചെയ്‌തതാണെന്ന നിലപാടാണ് കോൺഗ്രസിന്റേത്. അപ്പോഴും സ്‌ഥാനാർഥികളുടെ പ്രചാരണത്തിലും എംഎൽഎ എന്ന നിലയിലും അടുത്തിടെയായി രാഹുൽ വീണ്ടും സജീവമായിരുന്നു.
കഴിഞ്ഞ ദിവസം കെ. സുധാകരനും കെ.മുരളീധരനും അടക്കമുള്ള നേതാക്കൾ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടിലേക്ക് തിരിയുന്നതും കണ്ടു. ഇതാണ് വിഷയത്തിൽ കോൺഗ്രസ് പ്രതിരോധം ദുർബലമാക്കുന്നത്. അറസ്‌റ്റിലായി റിമാൻഡിലാകുന്നതോടെ എംഎൽഎ സ്‌ഥാനത്ത് തുടരുന്നതിലെ ധാർമികത ചോദ്യം ചെയ്യപ്പെടും. ഇന്ന് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴി എടുക്കാനാണ് ക്രൈം ബ്രാഞ്ച് സംഘം ഒരുങ്ങുന്നത്.
മുഖ്യമന്ത്രിക്ക് മുമ്പാകെ അതിജീവിത പരാതി നൽകിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിലവിൽ രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. എംഎൽഎ ഓഫീസും പൂട്ടിയ നിലയിലാണ്. ഇതിനിടെ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഗർഭാധാരണത്തിനും ഗർഭച്ഛിദ്രത്തിനും പെൺകുട്ടിയെ നിർബന്ധിക്കുന്ന ശബ്‌ദരേഖകൾ, വാട്‌സ് ആപ് ചാറ്റുകൾ തുടങ്ങി ആരോപണങ്ങളുടെ ഒരു കൂമ്പാരം തന്നെ രാഹുലിനെതിരെ ഉണ്ടായിരുന്നു.
വൈകീട്ട് നാലരയ്‌ക്ക് സഹോദരനൊപ്പം എത്തിയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ചാറ്റും, ശബ്‌ദരേഖയും ഉൾപ്പടെ എല്ലാ തെളിവുകളും സഹിതമാണ് പരാതി നൽകിയത്. യുവതിയെ ഗർഭാധാരണത്തിനും ഗർഭച്ഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്ന് പറയപ്പെടുന്ന ശബ്‌ദസന്ദേശങ്ങൾ കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
Most Read| തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിനും വോട്ടെണ്ണലിനും സംസ്‌ഥാന വ്യാപക ഡ്രൈഡേ








































