തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങൾ സജീവമാക്കി പോലീസ്. രാഹുലിനായി പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. സുഹൃത്തിന്റെ പേരിലും കേസുണ്ട്. കേസെടുത്തതിന് പിന്നാലെ രാഹുലിനായും സുഹൃത്ത് അടൂർ സ്വദേശിയായ ജോബി ജോസഫിനായും അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പോലീസ്.
രാഹുലിന്റെ സുഹൃത്ത് വഴിയാണ് ഗർഭഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇയാളെയും കേസിൽ പ്രതിചേർക്കാൻ തീരുമാനിച്ചത്. നിർബന്ധിത ഗർഭഛിദ്രം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ.
ബലാൽസംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 2025 മാർച്ച് മുതൽ പീഡിപ്പിച്ചെന്നും ബലാൽസംഗത്തിന് ഇരയായ യുവതിയുടെ നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. ഗർഭിണിയായ ശേഷം പാലക്കാട്ടെ ഫ്ളാറ്റിൽ വെച്ച് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്.
Most Read| ഡെങ്കിപ്പനി; ആദ്യ സിംഗിൾ ഡോസ് വാക്‌സിന് അംഗീകാരം നൽകി ബ്രസീൽ








































