ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള 12 സംസ്‌ഥാനങ്ങളിലെ എസ്‌ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് കത്തയച്ചു. ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമറേഷൻ ഫോമുകൾ ഡിസംബർ 11 വരെ നൽകാം.
കരട് വോട്ടർപട്ടിക ഡിസംബർ 16ന് പ്രസിദ്ധീകരിക്കും. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കിൽ അപേക്ഷിക്കാൻ ജനുവരി 15വരെ സമയം അനുവദിക്കും. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ എസ്‌ഐആർ നടപടികൾ നീട്ടിവെക്കണമെന്ന് തുടക്കം മുതൽ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡിസംബർ നാലിനുള്ളിൽ ഫോം വിതരണം പൂർത്തിയാക്കണമെന്നും ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പുറത്തിറക്കാണമെന്നും അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന് പുറത്തിരിക്കണമെന്നുമായിരുന്നു നിർദ്ദേശം. ഡിസംബർ ഒമ്പതിനാണ് കേരളത്തിൽ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. സമയം നീട്ടിയതോടെ ഒരാഴ്‌ച കൂടുതലായി ബിഎൽഒമാർക്ക് ലഭിക്കും.
തീവ്രവോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിലും രാഷ്‌ട്രീയ പാർട്ടികൾ എതിർപ്പ് ആവർത്തിച്ചിരുന്നു. എന്നാൽ, എസ്‌ഐആറിൽ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകൾ ഡിജിറ്റലൈസ് ചെയ്യാൻ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യൂ ഖേൽക്കർ യോഗത്തെ അറിയിച്ചിരുന്നു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































