ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ബസുകളിൽ ഒന്ന് തിരുപ്പൂരിൽ നിന്ന് കാരൈക്കുടിയിലേക്കും മറ്റൊന്ന് കാരൈക്കുടിയിൽ നിന്ന് ദിണ്ടിഗലിലേക്കും പോവുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ഉടൻ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ നാച്ചിയാർപുരം പോലീസ് കേസെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സൂപ്രണ്ട് ശിവപ്രസാദും അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കഴിഞ്ഞ ആഴ്ച തെങ്കാശി ജില്ലയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചിരുന്നു.
Most Read| ആഗ്രഹവും കഠിന പ്രയത്നവും; കിളിമഞ്ചാരോ കീഴടക്കി കാസർഗോഡുകാരി




































