ജക്കാർത്ത: ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്‌ചയ്‌ക്കിടെ 502 പേർ ഇന്തൊനീഷ്യയിലും 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മൂന്നുപേർ മലേഷ്യയിലും മരിച്ചെന്നാണ് കണക്ക്.
പ്രളയം ഇന്തൊനീഷ്യയിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശമുണ്ടാക്കിയത്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളാണ് പ്രളയം കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്. ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴയിലും പ്രളയത്തിലും ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്.
ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻ മേഖലയിലെ കൂടുതൽ പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.
വിവിധയിടങ്ങളിൽ കുടുങ്ങിയ യാത്രക്കാരെയും രോഗികളെയും വ്യോമസേനയുടെ ഹെലികോപ്‌ടറുകൾ രക്ഷിച്ചു. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള രണ്ട് ഹെലികോപ്‌ടറും രക്ഷാപ്രവർത്തനത്തിലുണ്ട്. 21 ടൺ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ എത്തിച്ചു. കൂടുതൽ സാധനങ്ങളുമായി ഐഎൻഎസ് സുകന്യ കപ്പൽ വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കാരെ വ്യോമസേനാ വിമാനങ്ങളിൽ രാജ്യത്ത് തിരിച്ചെത്തിക്കാൻ തിരുവനന്തപുരം, ഡെൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രക്ഷാദൗത്യം നടത്തുന്നുണ്ട്. രണ്ട് വിമാനങ്ങളിലായി 247 പേരെ തിരുവനന്തപുരത്തേക്കും ഒരു വിമാനത്തിൽ 76 പേരെ ഡെൽഹി ഹിൻഡനിലേക്കും അയച്ചു.
Most Read| ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33% വർധന






































