തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ രണ്ടാമത്തെ യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. കർണാടകയിലുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് എസ്ഐടി. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി നൽകിയത്.
പരാതിക്കാരി മൊഴിയിൽ ഉറച്ചുനിന്നാൽ രാഹുലിന് കുരുക്ക് മുറുകും. രണ്ടാമത്തെ ബലാൽസംഗക്കേസിന്റെ എഫ്‌ഐആർ പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സമർപ്പിക്കും. രാഹുൽ സ്‌ത്രീകളെ നിരന്തരം ശല്യം ചെയ്യുന്ന വ്യക്‌തിയാണെന്ന് പ്രോസിക്യൂഷൻ വാദിക്കും. അതേസമയം, രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെയാണ്, രാഹുലിന് വൻ കുരുക്കായി രണ്ടാം കേസും മാറുന്നത്. ബലാൽസംഗം എന്ന ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് 23– കാരിയുടെ വെളിപ്പെടുത്തലിൽ രണ്ടാം കേസും എടുത്തിയിരിക്കുന്നത്. ഇന്നലെ ഒന്നരമണിക്കൂറോളം കോടതി അടച്ചിട്ട മുറിയിൽ വാദം കേട്ടിരുന്നു. രാഷ്‌ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.
കേസിന് പിന്നിൽ സിപിഎം- ബിജെപി ഗൂഢാലോചനയാണ്. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു.
യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണ്, കേസിൽ നിരപരാധിയാണ്. യുവതി വിവാഹിതയാണെന്നും ഗർഭിണിയായതിന്റെ ഉത്തരവാദിത്തം ഭർത്താവിനാണെന്നും സ്വമേധയാ ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ചുവെന്നും രാഹുൽ ജാമ്യഹരജിയിൽ പറയുന്നു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































