തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കാണാപ്പുറത്തുള്ള അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ച് കൂടി അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുരാവസ്തുക്കൾ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയിൽ ശതകോടികൾക്ക് വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണമോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്ത് നൽകി.
പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന എഡിജിപി എച്ച്. വെങ്കിടേഷിനാണ് കത്ത് നൽകിയത്. ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തി രാജ്യാന്തര കരിഞ്ചന്തയിൽ കോടിക്കണക്കിന് രൂപയ്ക്ക് വിൽക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്ക് കൂടി മുന്നോട്ട് കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു.
ഇത്തരം പൗരാണിക സാധനങ്ങൾ മോഷ്ടിച്ച് കടത്തി രാജ്യാന്തര കരിഞ്ചന്തയിൽ എത്തിക്കുന്നവരെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരാളിൽ നിന്ന് ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കത്ത് നകുന്നതെന്നും ചെന്നിത്തല പറയുന്നു. അദ്ദേഹത്തിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഏതാണ്ട് 500 കോടിക്കടുത്തുള്ള ഇടപാടാണ് സ്വർണപ്പാളിയുടെ കാര്യത്തിൽ നടന്നിരിക്കുന്നത്.
ഈ വിവരങ്ങളുടെ വിശ്വാസ്യത സ്വതന്ത്രമായി താൻ പരിശോധിക്കുകയും അതിൽ ചില യാഥാർഥ്യങ്ങൾ ഉണ്ടെന്ന് മനസിലാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവരം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നത്. ഈ വ്യക്തിവിവരങ്ങൾ പൊതുജന മധ്യത്തിൽ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. കോടതിയിൽ മൊഴി നൽകാനും തയ്യാറാണെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.
ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് രാജ്യാന്തര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ ഈ കേസിലെ സഹപ്രതികൾ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിലായിട്ടില്ലെന്നും ചെന്നിത്തല കത്തിൽ പറയുന്നു.
Most Read| തിരഞ്ഞെടുപ്പ് ചൂടിലേക്ക് തെക്കൻ ജില്ലകൾ; പരസ്യപ്രചാരണം ഇന്ന് സമാപിക്കും








































