കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദ്ദേശിച്ചതെന്നും നിയമമന്ത്രി പി. രാജീവ് വ്യക്‌തമാക്കി.
സർക്കാർ എപ്പോഴും അതിജീവിതയ്‌ക്കൊപ്പം ഉറച്ചാണ് നിൽക്കുന്നത്. അത് അവർക്കും ബോധ്യമുള്ളതാണ്. പൂർണമായും അവർക്ക് നീതി കിട്ടണം എന്നതാണ് സർക്കാരിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. പ്രതികളുടെ ജാമ്യഹരജിക്കെതിരെ പ്രമുഖ അഭിഭാഷകരെയാണ് പ്രോസിക്യൂഷനും രംഗത്തിറക്കിയത്. സുപ്രീം കോടതിയിലും മുതിർന്ന അഭിഭാഷകരെ ഉൾപ്പടെ സർക്കാർ ഇറക്കി.
എന്നാൽ, വ്യത്യസ്‌തമായുള്ള വിധിയാണ് ഇപ്പോൾ വന്നത്. കുറ്റം തെളിയിക്കപ്പെട്ടു. ഗൂഢാലോചനയെ കുറിച്ചുള്ള കാര്യത്തിൽ വിധി പകർപ്പ് പുറത്തുവന്നാലേ പൂർണമായി കാര്യങ്ങൾ അറിയാൻ സാധിക്കൂ.
സാധാരണയിലും വ്യത്യസ്‌തമായി ഈ കേസിന്റെ അർഗ്യൂമെന്റിൽ ഓരോ തവണയും ഉയർത്തിയിട്ടുള്ള കാര്യങ്ങൾ അതിനാധാരമായ തെളിവുകൾ തുടങ്ങി 1512 പേജുള്ള ആർഗ്യൂമെന്റ് നോട്ട് ആണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. അതിന് അനുസൃതമായുള്ള വിധിയല്ല ഇപ്പോൾ വന്നിട്ടുള്ളതെന്നും പി രാജീവ് പറഞ്ഞു.
മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അപ്പീൽ പോകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഡിജിപിയുമായും സംസാരിച്ചു. വിധിന്യായം വിശദമായി പഠിച്ചു അപ്പീൽ പോകും. ഇതുസംബന്ധിച്ചd പ്രാരംഭനടപടികൾ തുടങ്ങാൻ പ്രോസിക്യൂഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.
പഴുതടച്ച അന്വേഷണമാണ് നടന്നത്. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം സർക്കാർ നൽകിയിരുന്നു. അതിജീവിതയ്‌ക്ക് പൂർണമായും നീതി ലഭിക്കുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി








































