കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്‌ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുന്ന പ്രതിജ്‌ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ തോന്നലാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. പോലീസിനെതിരെയുള്ള ദിലീപിന്റെ പ്രസ്‌താവന എന്തുകൊണ്ടെന്ന് വ്യക്‌തമാണ്. ഗൂഢാലോചന നടത്തിയെന്ന് ദിലീപ് പരാതിപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്നിൽ തെളിവുകൾ വന്നതിന്റെ അടിസ്‌ഥാനത്തിലാണ് കേസ് അന്വേഷണം മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. അത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറയാൻ പാടില്ല. പോലീസിനെതിരെയുള്ള ദിലീപിന്റെ ആരോപണം സ്വയം ന്യായീകരിക്കാനാണ്.
പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് കൈകാര്യം ചെയ്‌തു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹവും നിയമവൃത്തങ്ങളും നല്ല അഭിപ്രായം പ്രകടിപ്പിച്ചു. കൃത്യമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നു എന്ന സന്ദേശമാണ്. കോടതി വിധി എന്താണെന്ന് കണ്ടശേഷമേ പറയാൻ സാധിക്കൂ. വിധിയിൽ നിയമപരമായ പരിശോധന നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി








































