ന്യൂഡെൽഹി: ബിജെപി ദേശീയ വർക്കിങ് പ്രസിഡണ്ടായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. ബിജെപി അധ്യക്ഷനായ ജെപി നദ്ദയ്ക്ക് പകരക്കാരനായാണ് നബീൻ ഈ പദവിയിൽ എത്തുന്നത്. നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. എന്നാൽ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.
പാർട്ടി പാർലമെന്ററി ബോർഡാണ് നിതിൻ നബീനെ ദേശീയ വർക്കിങ് പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. നിയമനം എത്രയുംവേഗം പ്രാബല്യത്തിൽ വരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. നിലവിൽ പട്നയിലെ ബാങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് നിതിൻ നബീൻ. അന്തരിച്ച ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ്.
ദേശീയതലത്തിൽ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിൻ നബീനിലൂടെ പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. ജെപി നദ്ദയ്ക്ക് പകരം നിതിൻ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. യുവ നേതാവിനെ പാർട്ടിയുടെ സുപ്രധാന ചുമതലയേൽപ്പിച്ച് അപ്രതീക്ഷിത നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്.
എബിവിപിയിലൂടെയാണ് നിതിൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അച്ഛന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ 2000ൽ ആണ് ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2010 മുതൽ 2025 വരെ വിജയം ആവർത്തിച്ചു. ഇക്കാലയളവിൽ നഗരവികസനം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു.
ബിജെപിയിലൂടെ യുവജന വിഭാഗമായ യുവമോർച്ചയിൽ പ്രവർത്തിച്ചിട്ടുള്ള നിതിൻ നബീനെ ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് ഉൾപ്പടെ നിരവധി പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ചുമതലകളും നൽകിയിരുന്നു. ഇനി ബംഗാൾ, അസം, തമിഴ്നാട്, കേരള, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തേണ്ട ചുമതല നിതിൻ നബീലിലേക്ക് എത്തുകയാണ്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്





































