തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്ഐടി) കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മൊഴി നൽകി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങൾ എസ്ഐടിയോട് പറഞ്ഞതായി ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
മോഷണത്തിന് രാജ്യാന്തര പുരാവസ്‌തു കടത്തൽ സംഘവുമായി എങ്ങനെ ബന്ധമുണ്ട് എന്ന കാര്യമാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. തനിക്ക് കിട്ടിയ വിവരങ്ങൾ ഒരു കത്ത് മുഖേന എസ്ഐടി മേധാവിക്ക് കൊടുത്തിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് മൊഴിയെടുത്തത്. ലഭിച്ച മുഴുവൻ വിവരങ്ങയും അന്വേഷണ സംഘത്തിന് നൽകി.
ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ തനിക്ക് ലഭിച്ച വിവരങ്ങളാണ് കൈമാറിയത്. അല്ലാതെ തെളിവുകളല്ല. ഇനി അതേക്കുറിച്ചു കൂടുതൽ അന്വേഷിച്ചു വസ്‌തുതകൾ കണ്ടത്തേണ്ട ഉത്തരവാദിത്തം അന്വേഷണ സംഘത്തിനാണ്. ലഭിച്ച വിവരങ്ങൾ ആധികാരികളുടെ മുന്നിൽ എത്തിക്കേണ്ടത് പൊതു പ്രവർത്തകനെന്ന നിലയിൽ തന്റെ കടമയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുരാവസ്‌തുക്കൾ കടത്തി അന്താരാഷ്‌ട്ര കരിഞ്ചന്തയിൽ ശതകോടികൾക്ക് വിറ്റഴിക്കുന്ന കള്ളക്കടത്ത് സംഘങ്ങൾക്ക് ശബരിമല സ്വർണമോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന എഡിജിപി എച്ച്. വെങ്കിടേഷിന് കത്ത് നൽകിയത്.
ക്ഷേത്രങ്ങളിൽ നിന്ന് പുരാവസ്‌തുക്കൾ മോഷ്‌ടിച്ച് കടത്തി രാജ്യാന്തര കരിഞ്ചന്തയിൽ കോടിക്കണക്കിന് രൂപയ്‌ക്ക് വിൽക്കുന്ന ഒരു സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി അറിവ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്‌ചാത്തലത്തിലാണ് അന്വേഷണം ഈ വഴിക്ക് കൂടി മുന്നോട്ട് കൊണ്ടുപോകണം എന്നാവശ്യപ്പെടുന്നതെന്നും കത്തിൽ പറയുന്നു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!








































