
ന്യൂഡെൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൈറൽ ഗാനം പാടിയാണ് പ്രതിഷേധം. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാർ പ്രതിഷേധിക്കുന്നത്.
”സ്വർണം കട്ടവർ ആരപ്പാ സഖാക്കളാണേ അയ്യപ്പാ” എന്ന ഗാനം പാടി, അമ്പലക്കള്ളനായ പിണറായി വിജയൻ ഉടനെ രാജിവെച്ച് പുറത്തുപോകണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള എസ്ഐടി അന്വേഷണമല്ല, കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് എംപിമാരുടെ ആവശ്യം.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. രാവിലെ 10.30ഓടെയായിരുന്നു എംപിമാരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ കെസി വേണുഗോപാൽ, ആന്റോ ആന്റണി, ഹൈബി ഈഡൻ തുടങ്ങിയവർ ശബരിമല വിഷയം ലോക്‌സഭയുടെ ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു. അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം







































