ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്ന് പോകാൻ സുനിത ചൗധരിക്ക് കഴിയുമായിരുന്നില്ല. രാജസ്‌ഥാനിലെ പോലീസ് ഓഫീസറായ സുനിത ചൗധരിയുടെ കഥയാണിത്. കുട്ടിക്കാലത്ത് തന്നെ (മൂന്നാം വയസിൽ) വിവാഹിതയായ സുനിത ഏറെ വെല്ലുവിളികൾ തരണം ചെയ്‌താണ് പോലീസ് ഓഫീസറായത്.
സാധാരണയായി ശൈശവ വിവാഹം നടത്തിയാൽ 18 വയസാകുമ്പോൾ പെൺകുട്ടിയെ ഭർതൃഗൃഹത്തിലേക്ക് കൊണ്ടുപോകും. എന്നാൽ, അഞ്ച് വയസുള്ളപ്പോഴാണ് സുനിത തനിക്ക് ഒരു പോലീസ് ഓഫീസറാകണമെന്ന് പിതാവിനോട് പറഞ്ഞത്.
അദ്ദേഹം അവളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. കൃഷിപ്പണിയിൽ അച്ഛനെ സഹായിക്കുന്നതിനൊപ്പം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ സുനിത പഠനം തുടങ്ങി. ആറ് കിലോമീറ്ററോളം നടന്നാണ് എല്ലാദിവസവും സ്‌കൂളിൽ പോയിരുന്നത്. പത്താം ക്ളാസ് പാസായതോടെ പട്ടണത്തിലേക്ക് താമസം മാറി.
അവിടെ നിന്ന് പോലീസ് കോൺസ്‌റ്റബിൾ പരിശീലനത്തിനുള്ള പരീക്ഷയെഴുതി. പരീക്ഷ പാസായ 50 പേരിൽ ഒരേയൊരു വനിതയായിരുന്നു സുനിത. ഒമ്പത് മാസത്തെ കഠിനമായ പരിശീലനത്തിന് ശേഷം 19ആം വയസിൽ സുനിത പോലീസ് കോൺസ്‌റ്റബിൾ ജോലിയിൽ പ്രവേശിച്ചു. ജനിച്ചു വളർന്ന ഗ്രാമത്തിലെ ആദ്യത്ത വനിതാ പോലീസായിരുന്നു സുനിത.
പക്ഷേ, സുനിതയുടെ സന്തോഷത്തിന് വളരെ ചെറിയ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതികഠിനമായ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ സുനിതയ്‌ക്ക് ഓവേറയൻ കാൻസർ സ്‌ഥിരീകരിച്ചു. ആറുമാസത്തെ ചികിൽസയുടെ ഭാഗമായി കീമോതെറപ്പിക്ക് വിധേയയായി. ഈ സമയം മുടി പൂർണമായും കൊഴിഞ്ഞു. ഭാരം 35 കിലോയായി കുറഞ്ഞു. ജീവിതം ഇരുട്ടിലേക്ക് പോവുകയാണോയെന്ന് സുനിത ഭയപ്പെട്ടു.
മുടി കൊഴിഞ്ഞതോടെ പലരും കഷണ്ടിയുള്ള പെൺകുട്ടി എന്ന് പറഞ്ഞ് പരിഹസിക്കാൻ തുടങ്ങി. ദുഃഖവും വേദനയും ഉള്ളിലൊതുക്കി സുനിത തന്റെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിഞ്ഞു. എന്നാൽ, സുനിതയുടെ ആത്‌മധൈര്യം ഒട്ടും കുറഞ്ഞിരുന്നില്ല. തോറ്റ് കൊടുക്കാനും മനസില്ലായിരുന്നു. അസുഖം ഭേദമായി പൂർവ്വാധികം ശക്‌തിയോടെ സുനിത തിരികെ ജോലിയിൽ പ്രവേശിച്ചു.
മുടിയില്ലാത്തതിനാൽ എപ്പോഴും തൊപ്പി ധരിച്ചാണ് സുനിത പുറത്തിറങ്ങിയത്. ഇക്കാലത്ത് സുനിത സംഗീതത്തിൽ സന്തോഷം കണ്ടെത്തി. ഹാർമോണിയം വായിക്കാൻ പഠിച്ചു. അസുഖം ഭേദമായ ശേഷം സുനിത ഭർത്താവിനൊപ്പം പോയി. തന്റെ ശാരീരികാവസ്‌ഥയെ കുറിച്ച് ഭർത്താവിനോട് പറഞ്ഞു. അമ്മയാകാനുള്ള സാധ്യത വളരെ കുറവാണെന്നും സുനിത ഭർത്താവിനെ ധരിപ്പിച്ചു.
എന്നാൽ, ഭർത്താവ് സുനിതയുടെ കൂടെ നിന്നു. ഈ ജീവിതത്തിൽ സുനിതയോടൊപ്പം ജീവിച്ചാൽ മാത്രം മതിയെന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഭർത്താവ് മറുപടി നൽകി. ഭർത്താവിന്റെ ഈ സ്‌നേഹവും കരുതലും തനിക്കേറെ പ്രചോദനവും ആത്‌മവിശ്വാസവും നൽകിയെന്ന് സുനിത പറഞ്ഞു. ഇപ്പോൾ സുനിത സാമൂഹ്യ സേവനത്തിനായി തന്റെ ജീവിതം മാറ്റിവെച്ചിരിക്കുകയാണ്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!






































