തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ ‘പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സാമൂഹിക മാദ്ധ്യമത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന പോലീസ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മെറ്റയ്‌ക്ക് കത്തുനൽകി.
ഗാനം നീക്കം ചെയ്യാൻ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടായതായി മനസിലാക്കുന്നുണ്ടെന്നും എന്നാൽ, കോടതി നിർദ്ദേശം ഇല്ലാത്ത സാഹഹചര്യത്തിൽ ഗാനം നീക്കരുതെന്നുമാണ് കത്തിലെ ഉള്ളടക്കം. ഗാനം നീക്കം ചെയ്യുന്നത് പൗരൻമാരുടെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ഫേസ്ബുക്ക് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളുടെ കമ്പനിയായ മെറ്റയെ വിഡി സതീശൻ ഓർമിപ്പിച്ചു.
സംസാര സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയ്‌ക്കുള്ള അവകാശം നിയന്ത്രിക്കാനാവില്ലെന്ന് പലയാവർത്തി കോടതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നതും കത്തിൽ സതീശൻ സൂചിപ്പിച്ചു. അതേസമയം, പാരഡി ഗാനത്തിനെതിരെ പരാതി നൽകിയ ആൾക്കെതിരെ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കൂഴിക്കാല പ്രതിനിധീകരിക്കുന്ന സംഘടനയെ കുറിച്ച് അന്വേഷിക്കണമെന്നാണ് പൊതു പ്രവർത്തകനായ കുളത്തൂർ ജെയ്‌സിങ്ങിന്റെ പരാതി.
അതിനിടെ, പാരഡി ഗാന വിവാദത്തിൽ സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ കേസ് വേണ്ടെന്നാണ് സർക്കാരിന്റെ നിർദ്ദേശം. കഴിഞ്ഞദിവസം എടുത്ത കേസിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. പാട്ടിൽ കൂടുതൽ കേസ് വേണ്ടെന്ന് എഡിജിപി ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്‌ക്കും ഗൂഗിളിനും കത്തയക്കില്ലെന്നും അറിയിപ്പുണ്ട്.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി








































