കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. റിമാൻഡ് റിപ്പോർട് ഉൾപ്പടെ മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. എസ്ഐടി ശക്‌തമായി എതിർപ്പ് ഉന്നയിച്ചുവെങ്കിലും വിജിലൻസ് കോടതി തള്ളുകയായിരുന്നു. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിർത്തിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാരും ദേവസ്വം ബോർഡും എസ്ഐടിയും സ്വീകരിച്ചത്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനായി എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. എന്നാൽ, മുഴുവൻ രേഖകളും കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു.
ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷൻ അറിയിച്ചത്.
ഹൈക്കോടതിയെ ആയിരുന്നു ഇഡി ആദ്യം സമീപിച്ചത്. എന്നാൽ, വിജിലൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇഡി കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസു, മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകിയെന്നാണ് വാസുവിനെതിരായ കേസ്. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്‌ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ








































