തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്‌റ്റ്. ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയ ചെന്നൈ സ്‍മാർട്ട് ക്രിയേഷൻസ് എന്ന സ്‌ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരെയാണ് എസ്ഐടി അറസ്‌റ്റ് ചെയ്‌തത്.
പ്രധാന പ്രതികളുടെ അറസ്‌റ്റിന് എന്താണ് കാലതാമസമെന്ന് ഹൈക്കോടതി ഇന്ന് എസ്ഐടിയോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇഞ്ചയ്‌ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്‌തതിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് തന്നെ കൊല്ലത്തെ കോടതിയിൽ ഹാജരാക്കും.
തട്ടിപ്പിൽ കമ്പനിയുടെ പങ്ക് തെളിഞ്ഞതിനാലാണ് അറസ്‌റ്റ് എന്നാണ് എസ്ഐടി വ്യക്‌തമാക്കുന്നത്. കേസിൽ ആദ്യമായാണ് കേരളത്തിന് പുറത്തുനിന്നുള്ളവരെ അറസ്‌റ്റ് ചെയ്യുന്നത്. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി ശബരിമലയിൽ നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നുൾപ്പടെ സ്വർണം വേർതിരിച്ചെടുത്തത് സ്‍മാർട്ട് ക്രിയേഷൻസിൽ വെച്ചാണ്.
ഈ സ്വർണം ഇടനിലക്കാരനായ കൽപേഷ് വഴി ഗോവർധന് വിറ്റുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. 800 ഗ്രാമിലധികം സ്വർണം ഗോവർധന്റെ ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. സ്‌ഥാപനത്തിൽ കൊണ്ടുവന്നത് സ്വർണപ്പാളികളല്ല ചെമ്പുപാളികൾ ആയിരുന്നുവെന്ന് സ്‍മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എസ്ഐടിക്ക് നൽകിയ മൊഴി തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
സ്വർണം പൂശിയ പാളികൾ സ്‌ഥാപനം ഏറ്റെടുക്കാറില്ലെന്നും മുൻപ്, പങ്കജ് വ്യക്‌തമാക്കിയിരുന്നു. എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിലാണ് സ്വർണം വേർതിരിച്ചത് സ്‍മാർട്ട് ക്രിയേഷൻസിൽ വെച്ചുതന്നെയാണെന്ന് തെളിഞ്ഞത്. മഹാരാഷ്‌ട്രയിൽ നിന്ന് വിദഗ്‌ധനെ കൊണ്ടുവന്ന് രാസലായനി ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചതെന്നും പങ്കജ് ഭണ്ഡാരി എസ്ഐടിയോട് സമ്മതിച്ചിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































