ഇസ്‌ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി തലവനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീവിക്ക് അഴിമതിവിരുദ്ധ കോടതി 17 വർഷം വീതം തടവുശിക്ഷ വിധിച്ചു.
പാക്കിസ്‌ഥാനിലെ റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലിൽ നടന്ന വിചാരണയിൽ പ്രത്യേക കോടതി ജഡ്‌ജി ഷാരൂഖ് അർജുമന്ദ് ആണ് വിധി പ്രഖ്യാപിച്ചത്. 2021ൽ സൗദി അറേബ്യൻ സർക്കാരിൽ നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങൾ കൈകാര്യം ചെയ്‌തതിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇരുവർക്കും എതിരെയുള്ള കേസ്.
പാക്കിസ്‌ഥാൻ പീനൽ കോഡിലെ സെക്ഷൻ 409 (വിശ്വാസവഞ്ചന) പ്രകാരം പത്തുവർഷത്തെ കഠിനതടവും, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴുവർഷത്തെ തടവുമാണ് ഇരുവർക്കും വിധിച്ചത്. 16.4 ദശലക്ഷം പാക്കിസ്‌ഥാൻ രൂപ വീതം പിഴയായും ഒടുക്കണം.
പ്രധാനമന്ത്രി പദം ദുരൂപയോഗം ചെയ്‌തുവെന്നാണ് ഇമ്രാൻ ഖാനെതിരായ കുറ്റം. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പാക്കിസ്‌ഥാൻ സന്ദർശിച്ച അതിഥികളിൽ നിന്നും, പ്രധാനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക വിദേശ സന്ദർശങ്ങളിൽ ആതിഥേയരിൽ നിന്നുമായി 6,35,000 ഡോളർ വിലമതിക്കുന്ന പാരിതോഷികങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്‌തുവെന്നാണ് ഇമ്രാൻ ഖാനെതിരെയുള്ള കുറ്റം.
2024 ജൂലൈയിലാണ് കേസ് ഫയൽ ചെയ്‌തത്. ഈ കേസിൽ ബുഷ്‌റ ബീവിക്ക് 2024 ഒക്‌ടോബറിലും ഇമ്രാന് തൊട്ടടുത്ത മാസവും ഇസ്‌ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയത്. മറ്റൊരു കേസിൽ ഇരുവരും ആദിയാല ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് പുതിയ വിധി വരുന്നത്.
Most Read| കാത്തിരുന്ന അപ്ഡേറ്റ് എത്തി; ആധാറിലെ മൊബൈൽ നമ്പർ ഇനി വീട്ടിലിരുന്ന് മാറ്റാം







































