ഒരുലക്ഷം തൊട്ട് പവൻവില. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പവൻ വില ഒരുലക്ഷം കടക്കുന്നത്. ഈവർഷം ജനുവരിയിൽ 57,000 രൂപ നിരക്കിൽ മാത്രമായിരുന്ന വിലയാണ്, ഏറെക്കുറെ ഒറ്റവർഷം കൊണ്ട് ഇരട്ടിച്ച് ലക്ഷം ഭേദിച്ചത്.
ഇന്ന് 1760 രൂപ ഉയർന്ന് ഒരുപവൻ സ്വർണത്തിന്റെ വില 1,01,600 രൂപയാണ്. ഗ്രാം വില 220 വർധിച്ച് 12,700 ആയി. 18 കാരറ്റ് സ്വർണം, വെള്ളി വിലകളും പുത്തൻ ആകാശം തൊട്ടു. ഗ്രാമിന് 200 രൂപ വർധിച്ച് 10,525 രൂപയാണ് 18 കാരറ്റ് സ്വർണവില. വെള്ളിക്ക് ഗ്രാമിന് രണ്ടുരൂപ ഉയർന്ന് 220 രൂപയായി. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 180 രൂപ ഉയർന്ന് 10,440 രൂപയാണ്.
ആഭരണപ്രിയരും സാധാരണക്കാരും സ്വർണാഭരണം വാങ്ങാൻ പ്രതിസന്ധി നേരിടും. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോഴുള്ള വാങ്ങൽ ചിലവ് പലർക്കും താങ്ങാനാവില്ല. ഡിസംബർ 15നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില 99,000 കടന്നത്.
അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണവില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി




































