ന്യൂഡെൽഹി: വായുമലിനീകരണം അതിരൂക്ഷമായ ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്. വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡെൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ദൃശ്യപരിധി 50 മീറ്റർ മാത്രമായിരുന്നു.
ഡെൽഹിയിലെ 27 കാലാവസ്ഥാ സ്റ്റേഷനുകളിൽ വായു ഗുണനിലവാര ഇൻഡക്സ് (എക്യൂഐ) 400ന് മുകളിലെത്തി. അനന്ദ് വിഹാർ (470), നെഹ്റു നഗർ (463), ഓഖ്ല (459), മുണ്ഡ്കെ (459), സിരിഫോർട്ട് (450) എന്നിവിടങ്ങളിലാണ് വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ.
കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കുമെന്നും സർവീസ് റദ്ദാക്കലുകൾക്കും വൈകലിനും സാധ്യതയുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ അതത് എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് സർവീസ് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ഡെൽഹി കൂടാതെ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞുണ്ട്. പ്രയാഗ് രാജ്, അയോധ്യ, പാന്ത്നഗർ, വിമാനത്താവളങ്ങളിലെ മൂടൽമഞ്ഞ് കാരണം സർവീസുകൾ തടസം നേരിടാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































