
ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ എൽവിഎം 3-എം 6 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് രാവിലെ കുതിച്ചുയർന്ന ബ്ളൂബേർഡ് ബ്ളോക്ക് 2 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി.
അമേരിക്കൻ കമ്പനി എഎസ്‌ടി സ്‌പേസ് മൊബൈലിന്റെ ബ്ളൂബേർഡ് ബ്ളോക്ക് 2 ഉപഗ്രഹത്തെയാണ് ‘ബാഹുബലി’ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്‌ഠിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എഎസ്‌ടി സ്‌പേസ് മൊബൈൽ.
നേരിട്ട് മൊബൈൽ ഫോണുകളിൽ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ഇവർ പദ്ധതിയിടുന്നത്. രണ്ടുമാസത്തിനിടെയുള്ള എൽവിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയിൽ എൽവിഎം 3 ദൗത്യങ്ങൾ നടക്കുന്നതും ഇതാദ്യമായാണ്.
ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്‌ക്ക് ശേഷം ബ്ളൂബേർഡ് ബ്ളോക്ക് 2 എന്ന ബഹിരാകാശ പേടകം വേർപിരിഞ്ഞ് ഏകദേശം 520 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിൽ എത്തുമെന്ന് ഇസ്രോ അറിയിച്ചു. ഐഎസ്‌ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്‌ഐഎൽ) യുഎസ് ആസ്‌ഥാനമായുള്ള എഎസ്‌ടി സ്‌പേസ് മൊബൈലും (എഎസ്‌ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവെച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി




































