തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു. കന്റോൺമെന്റ് പോലീസാണ് ഇന്നലെ രാത്രിയോടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സ്‌റ്റേഷനിൽ ഹാജരായത്. തനിക്കെതിരായ പരാതി അടിസ്‌ഥാനരഹിതവും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്.
സംവിധായികയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞമാസം ആറിനായിരുന്നു പരാതിക്ക് ആസ്‌പദമായ സംഭവം നടന്നത്. തിരുവനന്തപുരത്തെ ചലച്ചിത്രോൽസവത്തിലേക്ക് മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അധ്യക്ഷനായിരുന്നു പിടി കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിന് എത്തിയപ്പോൾ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണ് കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലിൽ താമസിച്ചത്.
ഹോട്ടൽ മുറിയിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നവംബർ 27ന് മുഖ്യമന്ത്രിക്കാണ് സംവിധായിക പരാതി നൽകിയത്. ഈ പരാതിയിൽ ഡിസംബർ എട്ടിനാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. തുടർന്നാണ് കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. പ്രാഥമിക അന്വേഷണം നടത്തി പോലീസ് കോടതിയിൽ റിപ്പോർട് നൽകിയിരുന്നു.
പരാതിയിൽ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്‌ത്രീകൾക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പർക്കം, ലൈംഗിക പരാമർശങ്ങൾ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. സംവിധായികയുടെ രഹസ്യമൊഴി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം






































