തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാളെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഡി. മണിയെന്നാൽ ‘ഡയമണ്ട് മണി’യാണെന്ന് എസ്ഐടി പറയുന്നു. യഥാർഥ പേര് ബാലമുരുകനെന്നും സ്‌ഥിരീകരിച്ചു. ഡിണ്ടിഗൽ സ്വദേശിയായ ഇയാളെ എസ്ഐടി ചോദ്യം ചെയ്‌തു.
ഡി.മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് 1000 കോടിയുടെ കവർച്ചയാണെന്നും ശബരിമല കൂടാതെ പത്‌മനാഭിസ്വാമി ക്ഷേത്രവും ലക്ഷ്യമിട്ടതായും സൂചനകളുണ്ട്. മണിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രവാസി വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചത്.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ദുബായിയിലെ വ്യവസായിക്ക് ചില വിവരങ്ങൾ അറിയാമെന്ന വിവരം എസ്ഐടിയെ രേഖാമൂലം അറിയിച്ചത്. ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ രാജ്യാന്തര പുരാവസ്‌തു കടത്തുസംഘമുണ്ടെന്ന് വ്യവസായിയിൽ നിന്ന് വിവരം ലഭിച്ചതായാണ് ചെന്നിത്തല വെളിപ്പെടുത്തിയത്. തുടർന്നാണ് അന്വേഷണം സംഘം വ്യവസായിയുടെ മൊഴിയെടുത്തത്.
സ്വർണം തട്ടിയെടുത്തതിനേക്കാൾ വലിയ വിഗ്രഹക്കടത്ത് ശബരിമലയിൽ നടന്നുവെന്നാണ് മലയാളിയായ വിദേശ വ്യവസായിയുടെ മൊഴി. 2019-2020 കാലഘട്ടത്തിൽ വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി പറഞ്ഞിരിക്കുന്നത്. 2020 ഒക്‌ടോബർ 26ന് ഡി മണി തിരുവനന്തപുരത്ത് നേരിട്ടെത്തുകയും ശബരിമലയുമായി അടുത്ത ബന്ധമുള്ള ഉന്നതൻ പണം കൈമാറിയെന്നുമാണ് വിവരം. സ്വർണക്കവർച്ച കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ഇടനിലക്കാരനായെന്നും മൊഴിയിൽ പറയുന്നു.
നിലവിൽ പ്രാഥമികമായ ചോദ്യം ചെയ്യൽ മാത്രമാണ് നടന്നിട്ടുള്ളതെന്നും ഡി.മണിയെ കസ്‌റ്റഡിയിൽ എടുത്തിട്ടില്ലെന്നും എസ്ഐടി അറിയിച്ചു. ഈ സ്വർണക്കൊള്ളയിൽ ഡി. മണിക്ക് നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കേസിൽ ഡി.മണിയുടെ പങ്കാളിത്തം തെളിയിക്കപ്പെട്ടാൽ അന്വേഷണം അന്താരാഷ്‌ട്ര തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് എസ്ഐടിയുടെ തീരുമാനം.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ








































