തിരുവനന്തപുരം: കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. കണ്ണമ്മൂല വാർഡിൽ നിന്ന് സ്വതന്ത്രനായി മൽസരിച്ച് ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയാണ് ബിജെപി ഉറപ്പാക്കിയത്.
ദിവസങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സ്വതന്ത്രന്റെ പിന്തുണ ബിജെപി ഉറപ്പിച്ചത്. തുടർന്ന് സംസ്ഥാന അധ്യക്ഷനെ നേരിട്ട് കണ്ടാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്. സ്വതന്ത്രന്റെ പിന്തുണ ലഭിച്ചതോടെ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് കടമ്പ ബിജെപിക്ക് വെല്ലുവിളിയാകില്ല. വ്യാഴാഴ്ച വൈകീട്ടാണ് മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചത്.
വിവി രാജേഷിനെ മേയർ സ്ഥാനാർഥിയായും ആശാ നാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായുമാണ് പ്രഖ്യാപിച്ചത്. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള നേമം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങൾക്കുള്ളിലുള്ള വാർഡുകളിലെ കൗൺസിലർമാരാണ് വിവി രാജേഷും ആശാ നാഥും. നേരത്തെ, ബിജെപി ഭരണം തടയുന്നതിനായി സ്വതന്ത്രനെ മുന്നിൽ നിർത്തി എൽഡിഎഫ്-യുഡിഎഫ് പിന്തുണ നൽകുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
എന്നാൽ, മുന്നണികൾ ഇതിനെ പാസ്യമായി തള്ളി. അതേസമയം, മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിലേക്ക് യുഡിഎഫും എൽഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ് ശബരീനാഥനും മേരി പുഷ്പവുമാണ് ഇരു സ്ഥാനത്തേക്കും യഥാക്രമം മൽസരിക്കുക. സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൗൺസിലർ ആർപി ശിവാജിയെയാണ് എൽഡിഎഫ് മേയർ സ്ഥാനത്തേക്ക് മൽസരിപ്പിക്കുന്നത്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































