
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നിൽക്കുന്ന എഐ നിർമിത ചിത്രം പങ്കുവെച്ച കേസിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബിഎൻഎസ് 122 വകുപ്പുകൾ പ്രകാരം ചേവായൂർ പോലീസായിരുന്നു സുബ്രഹ്മണ്യനെതിരെ സ്വമേധയാ കേസെടുത്തത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും സുബ്രഹ്മണ്യൻ ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, താൻ പങ്കുവെച്ച ചിത്രം വ്യാജമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുബ്രഹ്മണ്യൻ.
പോസ്റ്റ് പിൻവലിക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് അദ്ദേഹം പറയുന്നത്. താൻ പങ്കുവെച്ചത് യഥാർഥ ചിത്രമാണെന്നും പ്രതിപക്ഷ പ്രവർത്തനത്തെ പ്രതിരോധിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും സുബ്രഹ്മണ്യൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച വീഡിയോയിൽ നിന്നുമെടുത്ത ചിത്രമാണ് താൻ പങ്കുവെച്ചതെന്നും സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.
‘പിണറായി വിജയനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ഇത്രമേൽ അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണമെന്ന’ കുറിപ്പോടെയാണ് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവും കോഴിക്കോട് ജില്ലയിലെ മുതിർന്ന നേതാവുമായ സുബ്രഹ്മണ്യൻ പോസ്റ്റിട്ടത്.
ഇതിനെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രചരിപ്പിക്കപ്പെടുന്നത് എഐ നിർമിത ഫോട്ടോയാണെന്നാണ് സിപിഎം നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ഇതിനിടെയാണ് സുബ്രഹ്മണ്യനെതിരെ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തത്. സിഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































