തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന വിവാദത്തിൽ പ്രതികരിച്ച് കൗൺസിലർ ആർ. ശ്രീലേഖ. എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരാമോ എന്ന് വികെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യർഥിക്കുകയാണ് ചെയ്‌തതെന്ന് ശ്രീലേഖ പറഞ്ഞു.
ഒഴിയാൻ പറ്റില്ലെന്നും പറ്റുമെങ്കിൽ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് അതിന് മറുപടി നൽകിയത്. പ്രശാന്തിന്റെ കൈയ്യിൽ ഫോൺ റെക്കോർഡ് ഉണ്ടെങ്കിൽ അത് പരിശോധിക്കാമെന്നും കാര്യങ്ങൾ അതിലൂടെ വ്യക്‌തമാകുമെന്നും ശ്രീലേഖ പറഞ്ഞു. ഓഫീസിന്റെ കാര്യത്തിൽ തുടർനടപടി മേയറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ശ്രീലേഖ പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ ശ്രീലേഖ വികെ പ്രശാന്ത് എംഎൽഎയെ നേരിട്ട് കണ്ടു. എന്റെ അറിവ് അനുസരിച്ച് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കോർപറേഷന്റേതാണ്. ഈ സ്‌ഥലത്തിന് പൂർണ അവകാശം കോർപറേഷനാണ്. വികെ പ്രശാന്ത് എന്റെ അടുത്ത സുഹൃത്താണ്. സഹോദരതുല്യനായ ആളാണ്.
ഇന്നലെ മുൻ കൗൺസിലർക്കൊപ്പം ഇരുന്നപ്പോഴാണ് നമുക്ക് ഇരിക്കാനൊരു സ്‌ഥലം വേണ്ടേ എന്ന് അദ്ദേഹം ചോദിച്ചത്. അപ്പോൾ ശാസ്‌തമംഗലത്തെ കെട്ടിടമുണ്ടല്ലോ എന്നാണ് ഞാൻ പറഞ്ഞത്. ആ സമയത്താണ് കെട്ടിടത്തിന് ഇത്തരത്തിലൊരു പ്രശ്‌നം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പിന്നാലെയാണ് പ്രശാന്തിനെ ഫോണിൽ വിളിച്ചത്. ആദ്യം പ്രശാന്ത് ഫോൺ എടുത്തില്ല. പിന്നാലെ എന്നെ തിരിച്ചു വിളിക്കുകയായിരുന്നു.
ഞാൻ കൗൺസിലറായി പക്ഷേ എനിക്ക് ഇരിക്കാൻ സ്‌ഥലമില്ല. അതുകൊണ്ടു ആ ഓഫീസ് ഒന്ന് മാറിത്തരാമോ, അത് പരിഗണിക്കണേ അതെന്റെ അപേക്ഷയാണെന്നുമാണ് പറഞ്ഞത്. അപ്പോൾ അദ്ദേഹം പറഞ്ഞു അത് ഇപ്രാവശ്യം ബുദ്ധിമുട്ടായിരിക്കും എന്ന്. തിരഞ്ഞെടുപ്പ് കഴിയുംവരെ കെട്ടിടം വേണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ശ്രീലേഖ പറഞ്ഞു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി







































