തൃശൂർ: മറ്റത്തൂരിലെ കൂറുമാറ്റത്തിൽ നടപടിയുമായി കോൺഗ്രസ്. പത്ത് ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി. പത്തുദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും രാജിവെക്കണം. ഇരുവരും രാജിവെച്ചാൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കും. രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി കോൺഗ്രസ് ആരംഭിക്കുമെന്നും ടാജറ്റ് വ്യക്തമാക്കി. അതുപോലെ പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്ത കോൺഗ്രസ് അംഗത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, മറ്റത്തൂരിലെ കൂറുമാറ്റത്തിൽ ഡിസിസി നേതൃത്വത്തിനെ പഴിച്ച് തടിയൂരാൻ ശ്രമിക്കുകയാണ് കൂട്ടത്തോടെ മറുകണ്ടം ചാടിയ കോൺഗ്രസ് അംഗങ്ങൾ. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താൻ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് പാർട്ടി പ്രാഥമിക അംഗത്വം തന്നെ രാജിവെച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങളുടെ വാദം.
കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നെന്ന് പറയുന്നതിനൊപ്പം തന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികൾ രാജിവെക്കില്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. അതേസമയം, മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ് കോൺഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കാൻ സിപിഎം നേതാക്കൾ രംഗത്തിറങ്ങി.
മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ വിജയിച്ചത് എട്ടുപേരാണ്. കോൺഗ്രസ് വിമതരായി മൽസരിച്ച് ജയിച്ചവർ രണ്ട്. ഇടതുമുന്നണിക്ക് പത്ത് സീറ്റ് ലഭിച്ചു. ബിജെപിക്ക് ലഭിച്ചത് നാല് സീറ്റ്. 10-10 എന്ന തുല്യ നിലയിൽ വോട്ട് വന്നാൽ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്ന് കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് കരുതിയ വിമതർ കെആർ ഔസേപ്പിനെ സിപിഎം റാഞ്ചിയതിന്റെ പ്രതികാരമായിട്ടായിരുന്നു ബിജെപി പിന്തുണയിൽ ഭരണം പിടിച്ചതെന്ന് കൂറുമാറിയവർ വിശദീകരിക്കുന്നു. അപ്പോഴും ബിജെപി പിന്തുണ തേടിയതിൽ അവർക്ക് തരിമ്പും കുറ്റബോധമില്ല. അതുകൊണ്ടുതന്നെ രാജിയില്ല എന്ന തീരുമാനത്തിലാണിവർ.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി







































