കൊച്ചി: സേവ് ബോക്സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നോ എന്നും ഇതുമായി ബന്ധപ്പെട്ട് പണമിടപാടുകൾ ഉണ്ടോയെന്നുമാണ് ഇഡി പരിശോധിക്കുന്നത്.
ഈമാസം 24നും ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ് നിക്ഷേപമെന്ന പേരിൽ കോടികൾ തട്ടിച്ചതിന് ഉടമയായ തൃശൂർ സ്വദേശി സ്വാതിക് റഹീമിനെ 2023ൽ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക് റഹീം.
ഇന്ത്യയിലെ ആദ്യ സംരഭമെന്ന പ്രചാരണത്തോടെയാണ് 2019ൽ ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സ് ആരംഭിക്കുന്നത്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള ഒട്ടേറെപ്പേരാണ് ഇതിന്റെ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തത്.
ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലത്തിലൂടെ സ്വന്തമാക്കൽ, ആമസോൺ മാതൃകയിലുള്ള സേവ് ബോക്സ് എക്സ്പ്രസ് എന്ന ഡെലിവറി സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി, സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപം ശരിയാക്കൽ, ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ ഏജൻസി ആരംഭിക്കൽ തുടങ്ങി ഒട്ടേറെ പദ്ധതികളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് സ്വാതിക് ആളുകളിൽ നിന്ന് പിരിച്ചത് എന്നാണ് ആരോപണം.
25,000 രൂപ നിക്ഷേപിച്ചാൽ മാസം അഞ്ചുലക്ഷം രൂപയുടെ വരുമാനം പോലുള്ള വാഗ്ദാനങ്ങളും ഇയാൾ നടത്തിയിരുന്നു. എന്നാൽ, ലാഭമൊന്നും കിട്ടാതെ വന്നതോടെ പരാതികൾ പുറത്തുവന്നു തുടങ്ങി. ഇതിന്റെ പിന്നാലെ 2023ൽ ഇയാൾ അറസ്റ്റിലാവുകയും ചെയ്തു. ഈ കേസാണ് ഇപ്പോൾ ഇഡി അന്വേഷിക്കുന്നത്. ചലച്ചിത്ര മേഖലയുമായി അടുത്തബന്ധം പുലർത്തുന്ന സ്വാതിക് ഇതിന്റെ മറവിലും തട്ടിപ്പ് നടത്തിയെന്ന് പരാതിയുണ്ട്.
Most Read| ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്റ്റിൽ








































